News
സ്പോര്‍ട്സ് ആസ്പദമാക്കി ഒരു ഔദ്യോഗികരേഖ.
“കളിയുടെ ദൈവശാസ്ത്ര”ത്തിലേക്കൊരു പെരുമഴക്കാലം സമ്മാനിച്ചാണ് ഈ ജൂണ്‍ മാസം ആരംഭിച്ചത്. ജൂണ്‍ 1-ാം തീയതി അല്മായര്‍ക്കും കുടുംബങ്ങള്‍ക്കുംവേണ്ടിയുള്ള വത്തിക്കാന്‍ കാര്യാലയം കളിക്കാര്‍ക്കും കായികപ്രേമികള്‍ക്കുമായി പുറപ്പെടുവിച്ച പ്രമാണരേഖയാണിവിടുത്തെ വിവക്ഷ.
സഭയുടെ ചരിത്രത്തില്‍ ആദ്യമായാണു സ്പോര്‍ട്സ് ആസ്പദമാക്കി ഒരു ഔദ്യോഗികരേഖ. അഞ്ച് അദ്ധ്യായങ്ങളിലായി പടര്‍ന്നുകിടക്കുന്ന ഈ രേഖ സ്പോര്‍ട്സും സഭയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും കളികള്‍ക്കു വ്യക്തികളിലുള്ള സ്വാധീനത്തെക്കുറിച്ചും കായികലോകം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ചും അതിനോടുള്ള സഭയുടെ അജപാലന നിലപാടുകളെക്കുറിച്ചും സമ്യക്കായി പ്രതിപാദിക്കുന്നു. ഈ പ്രബോധനരേഖ തയ്യാറാക്കാനുണ്ടായിരുന്ന വത്തിക്കാന്‍റെ അഞ്ചംഗ ടീമില്‍ ഭാരതത്തിന്‍റെ നാഷണല്‍ ഷൂട്ടിങ്ങ് ചാമ്പ്യനും ജീസസ് യൂത്ത് മുന്നേറ്റത്തിന്‍റെ ഫോര്‍മേഷന്‍ ടീം തലവനുമായ മലയാളി ശ്രീ മനോജ് സണ്ണിയും ഉണ്ടായിരുന്നു.
വി. പൗലോസ് ശ്ലീഹ തന്‍റെ ലേഖനങ്ങളില്‍ വിശ്വാസസത്യങ്ങളെ വ്യാഖ്യാനിക്കാനും യേശുവിന്‍റെ പ്രബോധനങ്ങള്‍ കാലികമായി അവതരിപ്പിക്കാനും കായികലോകത്തുനിന്നും ധാരാളം ഉപമകള്‍ ഉപയോഗിച്ചിട്ടുണ്ട്. എങ്കിലും 1840-കള്‍ വരെ സഭയില്‍ വിശ്വാസലോകവും കായികലോകവും പരസ്പരവിരുദ്ധ മേഖലകളായിരുന്നു. ദൈവശാസ്ത്രജ്ഞന്‍ കാള്‍ റാനര്‍ ആണു സ്പോര്‍ട്സിനെ ദൈവത്തിന്‍റെ സൃഷ്ടികര്‍മത്തിലുള്ള മനുഷ്യന്‍റെ ക്രിയാത്മകവും ആഘോഷപൂര്‍വകവുമായ ഇടപെടലായി കണ്ടത്.
കളിയും വിശ്വാസജീവിതവും വളരെ കാര്യങ്ങളില്‍ സമാനതയുളളതും പരസ്പരപൂരകവുമാണ്. കേളീശൈലിയുടെ പല അടിസ്ഥാനതത്ത്വങ്ങളും പ്രവര്‍ത്തനരീതിയും വിശ്വാസജീവിത പരിപോഷണത്തിനു സഹായകമായ ഘടകങ്ങള്‍ തന്നെയാണ്. കളി പൂര്‍ണമാകുന്നത് അതില്‍ പങ്കെടുക്കുന്നവര്‍ കളിയെ കാര്യമായിത്തന്നെ എടുക്കുമ്പോഴാണ്. കളിയിലെ അനവധി നിയമങ്ങള്‍ കണിശമായി അനുസരിച്ചു കളിക്കുമ്പോഴാണല്ലോ കളി ഏറ്റവും ഉല്ലാസദായകമാകുന്നത്. വിശ്വാസജീവിതം നമുക്കു സംതൃപ്തിയും സന്തോഷവും തരുന്നത് അതാവശ്യപ്പെടുന്ന നിയമങ്ങളുടെയും വ്യവസ്ഥകളുടെയും പാലനം മൂലമാണല്ലോ.
ഏറ്റവും ശ്രേഷ്ഠമായത് ആത്മാര്‍ത്ഥതയോടെ നല്കുക എന്നതു കളിയെയും വിശ്വാസജീവിതത്തെയും ഒരുപോലെ മഹത്തരമാക്കുന്നു. വിജയത്തിലും പരാജയത്തിലും ഒരുമിച്ചുനില്ക്കാനുള്ള കൂട്ടായ്മയുടെ ഊര്‍ജ്ജം ഒന്നിച്ചു കളിക്കുന്നവരും വിശ്വാസത്തില്‍ ഒരുമിച്ചു ജീവിക്കുന്നവരും പങ്കിടുന്നുണ്ട്. വ്യക്തമായ ലക്ഷ്യബോധവും വിജയത്തിലെത്താനുള്ള അടങ്ങാത്ത അഭിവാഞ്ഛയും കളിക്കളത്തിലുള്ളവരും വിശ്വാസജീവിതം നയിക്കുന്നവരും ഒരുപോലെ സ്വായത്തമാക്കേണ്ടതുണ്ട്.
നമ്മുടെ പല ഇടവകപള്ളികളും അവയുടെ പരിസരങ്ങളും കായികസംസ്കാരത്തിനു വളക്കൂറുള്ള മണ്ണായിരുന്നിട്ടുണ്ട്. കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രാര്‍ത്ഥനയ്ക്കായി മാത്രമല്ല കളിക്കാനും കൂടിയുള്ള ഇടമായി പള്ളിപരിസരങ്ങള്‍ മാറണം. ഇവ രണ്ടും ഒരു വിശ്വാസിയുടെ ജീവിതത്തിന്‍റെ പൂര്‍ണതയ്ക്ക് ആവശ്യമാണ്. ആലസ്യത്തിന്‍റെ മന്ദതയും ദുശ്ശീലങ്ങളുടെ തിന്മകളും നല്കുന്ന ദുരവസ്ഥയില്‍ നിന്നുയരാന്‍ കൂട്ടായ്മയുടെ ഈ കളിത്തട്ടുകള്‍ നമ്മുടെ യുവതലമുറയെ സഹായിക്കുമെന്നതില്‍ സംശയം വേണ്ട.
കേരളത്തില്‍ പ്രചാരത്തിലിരിക്കുന്ന എല്ലാ പുരാതന നാടന്‍കളികളെയും അവയുടെ കളിരീതികളെയും കുറിച്ചുള്ള പഠനം പുരോഗമിക്കുന്നുണ്ട്. ഇന്നത്തെ കുട്ടികളുടെ കൂട്ടായ്മയില്‍ അധിഷ്ഠിതമായ വ്യക്തിത്വവികാസത്തിന് ഈ പഠനവും അതിന്‍റെ അവതരണവും മുതല്‍ക്കൂട്ടാകും. പണ്ടുകാലങ്ങളില്‍ നമ്മുടെ നാട്ടിന്‍പുറങ്ങളിലും കവലകളിലും പള്ളിപരിസരങ്ങളിലും അനൗപചാരികമായി നമ്മുടെ മുതിര്‍ന്ന തലമുറ പ്രയോഗിച്ചിരുന്ന ഈ ‘കളിയുടെ ദൈവശാസ്ത്രം’ നമുക്കു തിരിച്ചു പിടിക്കേണ്ടിയിരിക്കുന്നു.
ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ സ്കൂളുകളില്‍ നിന്നു കൊഴിഞ്ഞുപോകുന്ന ഒരു രാജ്യമാണു കമ്പോഡിയ. മനുഷ്യക്കടത്തും ദാരിദ്ര്യവും അധോലോകവും ഒക്കെ അതിനു കാരണമായിരുന്നു. കമ്പോഡിയന്‍ ജനതയ്ക്ക് ആവേശമായ ഫുട് ബോള്‍ ക്ലബുകളെ പെണ്‍കുട്ടികള്‍ക്കായി സ്കൂളുകളിലേക്കു തിരിച്ചുകൊണ്ടുവന്നു SALT ACADEMY എന്ന സന്നദ്ധസംഘടന ഈ വിപത്തിനു തടയിട്ട ചരിത്രം നമുക്കു മുന്നിലുണ്ട്. അതെ, കളിയില്‍ ഇത്തിരിയല്ല, ഒത്തിരി കാര്യമുണ്ട്.
Sathyadeepam
June 21st, 2018