News

ദേവസിച്ചേട്ടന്‍: ഇടയവഴികളിലെ നല്ല സാരഥി

കൊച്ചി: തികഞ്ഞ സമര്‍പ്പണം, ഏറ്റെടുക്കുന്ന എല്ലാ ജോലികളിലും ആത്മാര്‍ഥത, വിനയപൂര്‍വമുള്ള പെരുമാറ്റം, ആര്‍ക്കും ആദരം തോന്നുന്ന വ്യക്തിത്വം, വിശുദ്ധരായ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടേയും മദര്‍തെരേസയുടേയും വരെ സാരഥിയാകാനുള്ള അപൂര്‍വ സൗഭാഗ്യങ്ങള്‍...  എറണാകുളം -അങ്കമാലി അതിരൂപത ആസ്ഥാനത്തു ദീര്‍ഘകാലം സേവനം ചെയ്തശേഷം ഇന്നലെ അന്തരിച്ച ദേവസി തെക്കേക്കര എന്ന എല്ലാവരുടെയും ദേവസിച്ചേട്ടനെക്കുറിച്ചു പറയാന്‍ വിശേഷങ്ങളും വിശേഷണങ്ങളും ഏറെ.


വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും വിശുദ്ധ മദര്‍തെരേസയും  കൊച്ചിയിലെത്തിയപ്പോള്‍ ഇരുവരും സഞ്ചരിച്ചിരുന്ന വാഹനങ്ങള്‍ ഓടിയ്ക്കാനായി ദേവസിയെ നിയോഗിച്ചത് അദ്ദേഹത്തിന്റെ ജോലിയിലെ സമര്‍പ്പണവും ശ്രദ്ധയും കണക്കിലെടുത്തായിരുന്നുവെന്ന് അന്നുള്ളവര്‍ ഓര്‍ക്കുന്നു. പതിറ്റാണ്ടുകളായി അതിരൂപതയുടെ ചരിത്രവഴികള്‍ക്കൊപ്പം സഞ്ചരിച്ചതിന്റെ മഹിമയും ദേവസിച്ചേട്ടനെ വ്യത്യസ്തനാക്കുന്നു.
കര്‍ദിനാള്‍ മാര്‍ ജോസഫ് പാറേക്കാട്ടിലിന്റെ സഹായിയായാണ് നന്നേ ചെറുപ്പത്തിലേ ദേവസി എറണാകുളം ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ എത്തുന്നത്. പിന്നീട് അദ്ദേഹത്തിന്റെ സാരഥിയായി. അതിരൂപതയില്‍ സഹായമെത്രാനായിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിന്റെ ഡ്രൈവറായി 1992 മുതല്‍ അഞ്ചു വര്‍ഷക്കാലം ഒപ്പമുണ്ടായിരുന്നു. തുടര്‍ന്നു 1997 മുതല്‍ ബിഷപ് മാര്‍ തോമസ് ചക്യത്തിന്റെ ഡ്രൈവറായി അദ്ദേഹത്തിന്റെ വിരമിക്കല്‍ വരെ അനുയാത്ര ചെയ്തു.


തികഞ്ഞ ശ്രദ്ധയോടേയും സമര്‍പ്പണത്തോടേയും ജീവിതം നയിച്ച വ്യക്തിയായിരുന്നു ദേവസിയെന്നു മാര്‍ തോമസ് ചക്യത്ത് ഓര്‍മിക്കുന്നു. 2012ല്‍ താന്‍ വിരമിക്കുന്ന സമയത്ത് അദ്ദേഹത്തെ ഡ്രൈവറുടെ ചുമതലയില്‍ നിന്നും ആര്‍ച്ച്ബിഷപ്‌സ്് ഹൗസിലെ  മേല്‍നോട്ട ചുമതലയും മറ്റും ഏല്‍പിച്ചു. അക്കാര്യങ്ങള്‍ സ്തുത്യര്‍ഹമായി നിറവേറ്റി വരവെയാണ് വിയോഗം. അതിരൂപതയുടെ ചരിത്രത്തില്‍ വലിയ അറിവുണ്ടായിരുന്നു അദ്ദേഹത്തിന്. ദേവസിയുടെ ഓര്‍മയിലുണ്ടായിരുന്ന അത്തരം വിവരങ്ങള്‍ രേഖപ്പെടുത്തി വയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എളിയ ജീവിതം നയിച്ച് എല്ലാവരുടേയും സ്‌നേഹാദരങ്ങള്‍ക്കു പാത്രമായി സ്വന്തം കര്‍മ്മങ്ങളില്‍ പൂര്‍ണ സമര്‍പ്പണത്തോടെ മുന്നോട്ടുപോയ ദേവസി  ഉത്തമ വിശ്വാസ ജീവിതത്തിന്റെ നിര്‍ദര്‍ശനവും മാതൃകയുമാണെന്നും മാര്‍ ചക്യത്ത് ചൂണ്ടിക്കാട്ടി.


പില്‍ക്കാലത്ത് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ റോമിലെത്തി കാണുകയും കേരള സന്ദര്‍ശനത്തില്‍ അദ്ദേഹത്തിനൊപ്പം എടുത്ത ചിത്രം കൈമാറുകയും ചെയ്യുന്നതിനും ദേവസിച്ചേട്ടനു ഭാഗ്യമുണ്ടായി. ഭാര്യ ഡെയ്‌സിക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ റോം സന്ദര്‍ശനം.