News

കേരളസഭാതല ആഘോഷം എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്നു

കൊച്ചി: പ്രാര്‍ഥനകളും കൃതജ്ഞതാഗീതങ്ങളും നിറഞ്ഞു നിന്ന അന്തരീക്ഷത്തില്‍ സിസ്റ്റര്‍ റാണി മരിയയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വ പ്രഖ്യാപനത്തോടനുബന്ധിച്ചുള്ള കേരളസഭാതല ആഘോഷം. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നടന്ന കൃതജ്ഞതാബലിയിലും പൊതുസമ്മേളനത്തിലും ആയിരക്കണക്കിനു വിശ്വാസികള്‍ പങ്കുചേര്‍ന്നു. 

എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പും തിരുസ്വരൂപവും പ്രദക്ഷിണമായി സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലേക്കെത്തിച്ചു. അതിരൂപത പ്രോ വികാരി ജനറാള്‍ മോണ്‍. സെബാസ്റ്റിയന്‍ വടക്കുംപാടനാണു തിരുശേഷിപ്പ് വഹിച്ചത്. ബാന്‍ഡ്‌മേളം, പൊന്‍, വെള്ളിക്കുരിശുകള്‍, മുത്തുക്കുടകള്‍, താലമേന്തിയ സ്ത്രീകള്‍ എന്നിവര്‍ അകമ്പടിയായ പ്രദക്ഷിണത്തില്‍ മെത്രാന്മാരും വൈദികരും സമര്‍പ്പിതരും അണിനിരന്നു. ശേഷം പുല്ലുവഴി പള്ളി വികാരി ഫാ. ജോസ് പാറപ്പുറത്തില്‍ നിന്നു ഏറ്റുവാങ്ങിയ തിരുശേഷിപ്പ് കര്‍ദിനാള്‍ അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു. 

എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സ്വാഗതപ്രസംഗശേഷം, സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ വായിച്ചു. അള്‍ത്താരയില്‍ തിരിതെളിയിച്ച സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കൃതജ്ഞതാ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് ഡോ.എം. സൂസപാക്യം വചനസന്ദേശം നല്‍കി. വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞെരളക്കാട്ട്, തലശേരി മുന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, നാഗ്പൂര്‍ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ഇന്‍ഡോര്‍ ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, പാലക്കാട് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത്, ഛാന്ദാ ബിഷപ് മാര്‍ എഫ്രേം നരികുളം, മാണ്ഡ്യ ബിഷപ് മാര്‍ ആന്റണി കരിയില്‍, പുനലൂര്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ തുടങ്ങിയവര്‍ക്കൊപ്പം നൂറുകണക്കിനു വൈദികരും ദിവ്യബലിയില്‍ സഹകാര്‍മികരായി. 

തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണം നടത്തി. ആര്‍ച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തുകുളങ്ങര, ബിഷപ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, എഫ്സിസി മദര്‍ ജനറല്‍ സിസ്റ്റര്‍ ആന്‍ ജോസഫ്, സിസ്റ്റര്‍ റാണി മരിയയുടെ സഹോദരി സിസ്റ്റര്‍ സെല്‍മി, ഉദയ്നഗറില്‍ നിന്നുള്ള പ്രതിനിധി സേവാ സിംഗ്, ആഘോഷപരിപാടികളുടെ ജനറല്‍ കണ്‍വീനറും അതിരൂപത പ്രോ വികാരി ജനറാളുമായ മോണ്‍. ആന്റണി നരികുളം, ആന്റോ ചേരാംതുരുത്തി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനം, സ്നേഹവിരുന്ന് എന്നിവയുണ്ടായിരുന്നു. ഫാ. എബി ഇടശേരി, കെസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗായകസംഘമാണു ഗാനങ്ങള്‍ ആലപിച്ചത്. 

എറണാകുളം-അങ്കമാലി അതിരൂപതയുടെയും എഫ്‌സിസി സന്യാസിനി സമൂഹത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണു പരിപാടികള്‍ സംഘടിപ്പിച്ചത്. അതിരൂപത പ്രൊക്യുറേറ്റര്‍ ഫാ. ജോഷി പുതുവ, എഫ്സിസി ജനറല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ സ്റ്റാര്‍ലി, എഫ്സിസി പ്രൊവിന്‍ഷ്യല്‍ കൗണ്‍സിലര്‍ സിസ്റ്റര്‍ അനീറ്റ, ഫാ. ജോര്‍ജ് കളപ്പുരയ്ക്കല്‍, റവ.ഡോ. പോള്‍ കരേടന്‍, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്, ടിജോ പടയാട്ടില്‍, ഫാ. പോള്‍സണ്‍ പെരേപ്പാടന്‍, സിസ്റ്റര്‍ ഷെഫി, വിമല്‍ റോസ് എന്നിവരടങ്ങിയ വിവിധ കമ്മിറ്റികള്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി. 

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ നാലിനാണു സിസ്റ്റര്‍ റാണി മരിയയെ തിരുസഭയിലെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചത്.  ഭാരതസഭയിലെ ആദ്യത്തെ വനിതാ രക്തസാക്ഷിയാണു സിസ്റ്റര്‍ റാണി മരിയ.