News
ഉജ്ജയിൻ പുഷ്പ ആശുപത്രി ആക്രമണം: സിബിസിഐ ആശങ്ക രേഖപ്പെടുത്തി
ന്യൂഡൽഹി: ഉജ്ജയിൻ രൂപത നടത്തുന്ന പുഷ്പ മിഷൻ ആശുപത്രിക്കു നേരേ ഈമാസം 12-നു സാമൂഹ്യവിരുദ്ധർ നടത്തിയ ഹീനമായ ആക്രമണത്തെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) അപലപിച്ചു. കഴിഞ്ഞ 44 വർഷമായി പ്രദേശത്തെ പാവപ്പെട്ടവർക്കും ആലംബഹീനർക്കും ആതുരശുശ്രൂഷ നൽകി വരുന്ന ഉജ്ജയിൻ പുഷ്പ ആശുപത്രിക്കു നേരേ നടന്ന ആക്രമണത്തിൽ കടുത്ത വേദനയും ഉത്കണ്ഠയും രേഖപ്പെടുത്തുന്നതായി സിബിസിഐ പ്രസ്താവനയിൽ അറിയിച്ചു.
മധ്യപ്രദേശ് സർക്കാരിന്റെ പ്രതിച്ഛായ തകർത്ത സംഭവമാണ് പുഷ്പ ആശുപത്രിക്കു നേരേ നടന്ന ആക്രമണം. ഈ മാസം 12ന് ഗഗൻസിംഗ് എന്നയാളുടെ നേതൃത്വത്തിൽ അറുപതോളം പേർ മാരകായുധങ്ങളുമായി പുഷ്പ ആശുപത്രി വളപ്പിൽ അതിക്രമിച്ചു കടക്കുകയും രണ്ടു ജെസിബികൾ ഉപയോഗിച്ചു മതിലുകൾ പൊളിക്കുകയുമായിരുന്നു. അവർ ആശുപത്രിയിലേക്കുള്ള പ്രവേശനം തടഞ്ഞു. വൈദ്യുതി വിതരണവും ജലവിതരണവും തടസപ്പെടുത്തി. ഇതു രോഗികൾക്കു കടുത്ത ബുദ്ധിമുട്ടാണുണ്ടാക്കിയത്. അക്രമികൾ ആശുപത്രിയിലെ സ്ത്രീജീവനക്കാരെയും കന്യാസ്ത്രീകളെയും അത്യന്തം മോശമായ ഭാഷയിൽ അധിക്ഷേപിക്കുകയും കൈയേറ്റം ചെയ്യുകയും ചെയ്തു.
ആക്രമണവിവരം അറിയിച്ചിട്ടും പോലീസ് സ്ഥലത്തെത്തിയില്ല. സംസ്ഥാന ഗവർണറുടെ ഉജ്ജയിൻ സന്ദർശനം പ്രമാണിച്ചു തിരക്കിലായിരുന്നു എന്നാണു വിശദീകരണം. ഉജ്ജയിൻ രൂപതാ അധികൃതരും പുഷ്പ മിഷൻ ആശുപത്രി അധികൃതരും രേഖാമൂലം പരാതി നൽകിയിട്ടും അക്രമികളിൽനിന്നു സംരക്ഷണം നൽകാത്ത സർക്കാർ അധികൃതരുടെ സമീപനം ആശങ്കയുളവാക്കുന്നു.
ആശുപത്രിക്കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലം കഴിഞ്ഞ 57 വർഷമായി സഭയുടെ ഉടമസ്ഥതയിലുള്ളതാണ്. ഇപ്പോൾ ചില രാഷ്ട്രീയ നേതാക്കളുടെ പിൻബലത്തോടെയാണ് അതിലൊരു ഭാഗത്തിന് അവകാശമുന്നയിക്കുന്നത്. ഈ ആക്രമണത്തിനു മുന്പ് ജനുവരി 27, 28, 30 തീയതികളിലും ചിലർ വന്നു ബഹളമുണ്ടാക്കുകയും ആശുപത്രിക്കു നേരേ ആക്രമണശ്രമം നടത്തുകയും ചെയ്തിരുന്നു.
2017 ഡിസംബറിൽ സത്നയിൽ കരോൾ സംഘത്തിനു നേരേ നടന്ന അക്രമണത്തിന്റെയും ഈ വർഷം ജനുവരിയിൽ വിദിശ സെന്റ് മേരീസ് കോളജിനു നേരെ നടന്ന ആക്രമണത്തിന്റെയും തുടർച്ചയാണ് ഉജ്ജൈൻ സംഭവം. കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്പിലെത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് മധ്യപ്രദേശ് റീജണൽ ബിഷപ്സ് കൗൺസിൽ ചെയർമാൻ ആർച്ച്ബിഷപ് ലിയോ കൊർണേലിയോ, സിബിസിഐ സെക്രട്ടറി ജനറൽ ബിഷപ് തിയോഡോർ മസ്ക്രിനാസ്, ഉജ്ജയിൻ ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേൽ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Source: deepika.com