News

രക്തസാക്ഷിത്വം വരിച്ച ഹംഗറിയിലെ ഫാ. ജാനോസ് ബ്രെണ്ണറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

1950-കളില്‍ രക്തസാക്ഷിത്വം വരിച്ച ഹംഗറിയിലെ സിസ്റ്റേഴ്സ്യന്‍ സന്യാസിയായിരുന്ന ഫാ. ജാനോസ് ബ്രെണ്ണറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യ ഭരണകൂടത്തിന്‍റെ മതമര്‍ദ്ദനങ്ങള്‍ക്കിടയിലായിരുന്നു ബ്രെണ്ണറിന്‍റെ സന്യാസപരിശീലനവും ജീവിതവും. 1955-ല്‍ അദ്ദേഹം സന്യാസവൈദികനായി. യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഫാ. ബ്രെണ്ണറെ കമ്മ്യൂണിസ്റ്റ് ഭരണകൂടം നോട്ടമിട്ടു. 1957 ഡിസംബറിലെ ഒരു രാത്രി മരണാസന്നനായ ഒരു വൃദ്ധന് അന്ത്യകൂദാശ നല്‍കാനുണ്ടെന്നു പറഞ്ഞ് അദ്ദേഹത്തെ വിളിച്ചു കൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. 32 കുത്തുകളേറ്റു മരിച്ചപ്പോഴും കൈയില്‍ ദിവ്യകാരുണ്യം അദ്ദേഹം ഭദ്രമായി സൂക്ഷിച്ചിരുന്നു. അതുകൊണ്ട് ഹംഗേറിയന്‍ താര്‍സ്യൂസ് എന്നും അദ്ദേഹം അറിയപ്പെടുന്നു. ദിവ്യകാരുണ്യം സംരക്ഷിക്കുന്നതിനായി വീരചരമമടഞ്ഞ മൂന്നാം നൂറ്റാണ്ടിലെ ഒരു രക്തസാക്ഷിയാണ് താര്‍സ്യൂസ്.

മരണത്തിനു ശേഷവും ബ്രെണ്ണറെ കുറിച്ചുള്ള ഓര്‍മ്മകള്‍ തുടച്ചുനീക്കാന്‍ ഭരണകൂടം ശ്രമിച്ചിരുന്നു. അദ്ദേഹത്തിന്‍റെ മൃതദേഹസംസ്കാരത്തില്‍ പങ്കെടുക്കാനെത്തിയ വന്‍ ജനാവലിയെ ശക്തിയുപയോഗിച്ചു പിന്തിരിപ്പിച്ചു. അതേ സ്ഥലത്താണ് പതിനായിരങ്ങള്‍ പങ്കെടുത്ത വാഴ്ത്തപ്പെട്ടവനായുള്ള പ്രഖ്യാപനച്ചടങ്ങ് ഇപ്പോള്‍ നടന്നത്. 1989-ല്‍ പൂര്‍വ യൂറോപ്പിലെ കമ്മ്യൂണിസത്തിന്‍റെ പതനത്തിനു ശേഷം ഫാ. ബ്രെണ്ണറുടെ കബറിടത്തിലേയ്ക്കുള്ള തീര്‍ത്ഥാടനങ്ങള്‍ വര്‍ദ്ധിക്കുകയും അദ്ദേഹത്തിന്‍റെ നാമകരണത്തിനുള്ള ശ്രമങ്ങള്‍ ശക്തിയാര്‍ജിക്കുകയും ചെയ്തു.