News
കുര്‍ബാന അവസാനിക്കുന്നില്ല, ജീവിതത്തിലൂടെ തുടരണം
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് അങ്കണത്തില്‍ സമ്മേളിക്കുന്ന പ്രതിവാര പൊതുപ്രേഷകര്‍ക്ക് ഫ്രാന്‍സിസ് പാപ്പ നല്‍കിവരുന്ന വിശുദ്ധ കുര്‍ബാനയിലധിഷ്ഠിതമായ മതബോധനപരമ്പര അവസാനഭാഗത്തേക്ക് കടന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനെന്ന നിലയില്‍ തനിക്ക് ലഭിക്കുന്ന ഏതൊരവസരവും പാപ്പ തന്‍റെ പ്രബോധനാധികാരം ഉപയോഗിക്കുന്നതിന് ഈ കൂടിവരവ് സാക്ഷ്യമായി. കഴിഞ്ഞ പതിനഞ്ച് ബുധനാഴ്ചകളിലായാണ് പാപ്പ ഈ മതബോധനം പൂര്‍ത്തിയാക്കിയത്. ഈ വിചിന്തനങ്ങള്‍ വിശ്വാസികള്‍ക്കും തീര്‍ത്ഥാടകര്‍ക്കും വിശുദ്ധകുര്‍ബാനയോട് സ്നേഹവും അടുപ്പവും സൃഷ്ടിക്കാന്‍ പര്യാപ്തമാക്കുന്നതായിരുന്നു. പിതാവിന്‍റെയും പുത്രന്‍റെയും നാമത്തില്‍ കുരിശടയാളം വരച്ചുകൊണ്ടാണ് നമ്മള്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കുന്നത്. അവസാനിക്കുന്നത് വൈദികനിലൂടെ കുരിശടയാളത്താല്‍ ദൈവജനത്തെ ആശിര്‍വദിച്ചു കൊണ്ടാണ്. ഇതൊരു നല്ല ജീവിതരീതിയും കൂടിയാണ്. തന്മൂലം ഈ രീതി ഒരു ജീവിതചര്യപോലെ ഓരോ ദിനവും നമ്മുടെ ജീവിതത്തിലുണ്ടാവണം. കുര്‍ബാനയ്ക്ക് വന്നതുപോലെയാവരുത് പങ്കെടുത്തവര്‍ തിരിച്ചുപോവേണ്ടത്. ഞായറാഴ്ച കുര്‍ബാനയില്‍ പങ്കെടുക്കുന്നത് ആഴ്ചയില്‍ ഒരിക്കല്‍ അനുഷ്ഠിക്കേണ്ട കടമയായി മാത്രം നടത്തുകയാണെങ്കില്‍ അതു മൂലം വലിയ പ്രയോജനമില്ല. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നമ്മുടെ സ്വഭാവത്തിലും ജീവിതരീതികളിലും മനോഭാവത്തിലും നിയതമായ മാറ്റമൊന്നുമില്ലാതെയാണ് തിരിച്ചുപോവുന്നതെങ്കില്‍ കുര്‍ബാന നമ്മുടെ ഉള്ളില്‍ പ്രവേശിച്ചിട്ടില്ല. എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്? നമ്മുടെ ചിന്തകളും പ്രവൃത്തികളും ക്രിസ്തുവില്‍ ആയിരിക്കത്തക്കവിധം ദൈവത്തിന്‍റെ ചിന്തകള്‍ നമ്മുടേതും ദൈവത്തിന്‍റെ തിരഞ്ഞെടുപ്പുകള്‍ നമ്മുടേതും ആവണം. പൗലോസ് അപ്പസ്തോലന്‍ ഇത് കൃത്യമായി വിശദീകരിക്കുന്നു. ഇനിമേല്‍ ഞാനല്ല ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത് (ഗലാ. 2:20). കുര്‍ബാന കഴിഞ്ഞ് വിശ്വാസികള്‍ ദേവാലയത്തിന് പുറത്തോട്ട് ഇറങ്ങുന്ന നിമിഷം മുതല്‍ അവരുടെ ക്രൈസ്തവ സാക്ഷ്യജീവിതം ആരംഭിക്കുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം അവര്‍ വ്യാപരിക്കുന്ന ഭവനത്തിലും ജോലിസ്ഥലത്തും ദൈനംദിന ജീവിതനിമിഷങ്ങളിലും കുര്‍ബാനയില്‍നിന്ന് ലഭിച്ച അനുഗ്രഹങ്ങളുടെ ഒഴുക്കുമായി സമാധാനത്തിലും എല്ലാവരോടുമുള്ള സ്നേഹത്തിലും ഐക്യത്തിലും ജീവിക്കാനാവണം. ഓരോ വിശുദ്ധ കുര്‍ബാനയ്ക്കുശേഷവും സ്വഭാവത്തിലും വിശുദ്ധിയിലും കൂ ടുതല്‍ മെച്ചപ്പെട്ടവരായി നമ്മള്‍ മാറണം. ക്രൈസ്തവസാക്ഷ്യത്തിനായുള്ള ശക്തിയും ആഗ്രഹവും കൂടുതലായി നിറഞ്ഞവരാകണം. കാരണം ക്രിസ്തുവുമായുള്ള ഐക്യവും അത് നല്‍കുന്ന ശക്തിയും നല്ല പ്രവൃത്തികള്‍ എപ്പോഴും ചെയ്യാന്‍ പ്രേരകമാവുന്നു. ഈ കൃപ മണ്‍പാത്രങ്ങളിലാണ് നല്‍കപ്പെട്ടിരിക്കുന്നത് എന്നതും നമ്മള്‍ മനസ്സിലാക്കേണ്ട വസ്തുതയാണ്. അതുകൊണ്ട് നിരന്തരം അള്‍ത്താരയെ സമീപിച്ച് വിശുദ്ധ കുര്‍ബാനയില്‍നിന്ന് വീണ്ടും ശക്തി പ്രാപിക്കണം. മരണശേഷം സ്വര്‍ഗത്തില്‍ ദിവ്യകുഞ്ഞാടിന്‍റെ വിരുന്നില്‍ ചേരുന്നതുവരെ ഇത് തുടരണം. കുര്‍ബാന കേവലം വെറും ഒരു ഓര്‍മ്മയോ ഓര്‍മ്മയാചരണമോ അല്ല. ക്രിസ്തുവിന്‍റെ മരണവും പുനരുദ്ധാരണവും പുനര്‍ജീവിക്കുന്ന മഹാസംഭവമാണത്. അതുകൊണ്ട് വിശുദ്ധ കുര്‍ബാന കേവലം മറ്റൊരു ദിനചര്യയോ യാന്ത്രികമായി മാറുന്ന അനുഷ്ഠാനമോ ആക്കരുത്. വിശുദ്ധ കുര്‍ബാനയെക്കുറിച്ചുള്ള ഈ പഠനപരമ്പര മനോഹരമായി അവസാനിപ്പിക്കാന്‍ ദൈവം നല്‍കിയ കൃപയ്ക്കായി വത്തിക്കാനില്‍ എത്തിച്ചേര്‍ന്ന വിശ്വാസികളോടും തീര്‍ത്ഥാടകരോടുമൊപ്പം ദൈവത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പാപ്പ മതബോധനം അവസാനിപ്പിച്ചത്.
അവലംബം: സത്യദീപം 2018 മെയ് 24, ഡോ. കൊച്ചുറാണി ജോസഫ്