News

സത്യം തേടുക, പ്രത്യാശ നല്‍കുക -മാധ്യമപ്രവര്‍ത്തകരോടു മാര്‍പാപ്പ

സത്യം തേടുകയും സദാ പ്രത്യാശ നല്‍കുകയും ജീവിതത്തിന്‍റെ എല്ലാ തുറകളേയും സ്വന്തം ജോലിയില്‍ പരിഗണിക്കുകയും ചെയ്യണമെന്ന് ഫ്രാന്‍ സിസ് മാര്‍പാപ്പ മാധ്യമപ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. വാര്‍ത്തകള്‍ തയ്യാറാക്കപ്പെടുന്ന കേന്ദ്രങ്ങളില്‍നിന്ന് അകലെയാകും പലപ്പോഴും ന്യായമായും പറയപ്പെടേണ്ട സംഭവങ്ങളുണ്ടാകുന്നത്. സമൂഹത്തിന്‍റെ അരികുകളിലെ ജീവിതങ്ങള്‍ മിക്കവയും വലിയ സഹനത്തിന്‍റെയും അപചയങ്ങളുടെയും തെളിവുകളുമായിരിക്കും. യാഥാര്‍ത്ഥ്യങ്ങളെ പുതിയ വിധത്തില്‍ കാണാന്‍ സകലരേയും പ്രേരിപ്പിക്കാന്‍ ഇത്തരം കഥകള്‍ പറയുന്നതിലൂടെ നമുക്കു സാധിക്കും. ആളുകളുടെ കാഴ്ചപ്പാടുകളെ മാറ്റാനും കഴിയും-മാര്‍പാപ്പ വിശദീകരിച്ചു. ബിയാജിയോ ആഗ്നെസ് അന്താരാഷ്ട്ര പത്രപ്രവര്‍ത്തക അവാര്‍ഡുകള്‍ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.

വ്യക്തിതാത്പര്യങ്ങള്‍ക്കും കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്കുമുപരിയായി സത്യത്തെ പ്രതിഷ്ഠിക്കാന്‍ പത്രപ്രവര്‍ത്തകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. ജനങ്ങളുടെയും അവരുടെ ലോകദര്‍ശനത്തിന്‍റെയും ആഭിമുഖ്യങ്ങളുടെയും രൂപീകരണവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരാണ് പത്രപ്രവര്‍ത്തകര്‍. ഏറ്റവും ദുഷ്കരമായ സത്യങ്ങള്‍ പോലും വെളിപ്പെടുത്തുവാന്‍ പത്രപ്രവര്‍ത്തകര്‍ ഭയപ്പെടരുത്. അച്ചടക്കം പാലിക്കുക എന്നത് പരസ്പരവിരുദ്ധമായ താത്പര്യങ്ങളുടെ കെണിയില്‍ പെട്ടുപോകാതിരിക്കുന്നതിനു നിര്‍ണായകമാണ്. വേഗത മുഖമുദ്രയായിരിക്കുന്ന ലോകത്തില്‍ ഗാഢമായ ഗവേഷണങ്ങളും താരതമ്യങ്ങളും നടത്താനും ആവശ്യമെങ്കില്‍ നിശബ്ദത പാലിക്കാനും സാധിക്കണം – മാര്‍പാപ്പ വിശദീകരിച്ചു.

Sathyadeepam

June 10th, 2018