News

രോഗമോ വൈകല്യമോ ഉള്ള കുഞ്ഞുങ്ങളെ ഭ്രൂണഹത്യയ്ക്കു വിധേയമാക്കാമെന്ന ചിന്ത നാസി മനോഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ

രോഗമോ വൈകല്യമോ ഉള്ള കുഞ്ഞുങ്ങളെ ഭ്രൂണഹത്യയ്ക്കു വിധേയമാക്കാമെന്ന ചിന്ത നാസി മനോഭാവത്തെയാണു പ്രതിഫലിപ്പിക്കുന്നതെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ അഭിപ്രായപ്പെട്ടു. സ്ത്രീയും പുരുഷനും തമ്മിലുള്ള ബന്ധത്തെയാണ് കുടുംബമെന്നതുകൊണ്ട് ദൈവം അര്‍ത്ഥമാക്കുന്നതെന്നും പാപ്പ വ്യക്തമാക്കി. ഇറ്റലിയിലെ കുടുംബ അസോസിയേഷനുകളുടെ ഒരു യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു മാര്‍പാപ്പ.

തന്‍റെ മാതൃരാജ്യമായ അര്‍ജന്‍റീനയില്‍ 12 ആഴ്ച വരെ പ്രായമുള്ള ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ അംഗീകരിക്കപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് മാര്‍പാപ്പയുടെ ഈ അഭിപ്രായപ്രകടനം. ഐര്‍ലണ്ട് ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലും ഭ്രൂണഹത്യ കൂടുതല്‍ ഉദാരമാക്കുന്നതിനുള്ള നിയമങ്ങള്‍ കഴിഞ്ഞ മാസങ്ങളില്‍ അംഗീകരിക്കപ്പെടുകയുണ്ടായി. രോഗമോ വൈകല്യമോ ഉള്ളതുകൊണ്ട് കുഞ്ഞുങ്ങളെ കൊല്ലുന്നത് സമൂഹം അംഗീകരിക്കുമെന്ന ചിന്ത വേദനാപൂര്‍ണമാണെന്നു മാര്‍പാപ്പ പറഞ്ഞു.

കുടുംബത്തെ കുറിച്ചുള്ള സഭാപ്രബോധനം ആവര്‍ത്തിച്ചു വ്യക്തമാക്കാനും മാര്‍പാപ്പ ഈ സന്ദര്‍ഭം ഉപയോഗിച്ചു. കുടുംബം എന്ന പദം പലയിടത്തും പ്രയോഗിക്കാറുണ്ടെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. നക്ഷത്രങ്ങളുടെ കുടുംബം, വൃക്ഷങ്ങളുടെ കുടുംബം, മൃഗങ്ങളുടെ കുടുംബം എന്നൊക്കെ പറയാറുണ്ട്. എന്നാല്‍ ദൈവത്തിന്‍റെ കണ്ണില്‍ കുടുംബമെന്നാല്‍ സ്ത്രീയും പുരുഷനും ചേരുന്നതു മാത്രമാണ്. വിവാഹം വിസ്മയകരമായ ഒരു കൂദാശയാണ്മാര്‍പാപ്പ വിശദീകരിച്ചു.

Source: Sathyadeepam June 25, 2018