News
പാവങ്ങളോടുള്ള സ്നേഹമാണ് വിശ്വാസത്തിന്‍റെ അളവുകോല്‍ – മാര്‍പാപ്പ
പാവങ്ങളെയും ദുര്‍ബലരേയും വിശക്കുന്നവരേയും എത്രത്തോളം സ്നേഹത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതാണ് വ്യക്തികളുടേയും സമൂഹങ്ങളുടേയും വിശ്വാസത്തിന്‍റെ അളവുകോലെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. എല്ലാ തരത്തിലുമുള്ള വിശപ്പുകള്‍ കൊണ്ട് കരയുന്ന അനേകം സഹോദരങ്ങള്‍ ലോകത്തിന്‍റെ എല്ലാ ഭാഗത്തുമുണ്ട്. അവിടെയൊന്നും നിശബ്ദ സാക്ഷികളായി നില്‍ക്കാന്‍ നമുക്കു സാധിക്കില്ല. നിത്യജീവന്‍റെ അപ്പമായ ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ പാവങ്ങളോടുള്ള ഉദാരമായ പ്രതിബദ്ധത ആവശ്യമാണ്-മാര്‍പാപ്പ പറഞ്ഞു. അപ്പവും മീനും വര്‍ദ്ധിപ്പിക്കുന്ന സുവിശേഷഭാഗം വ്യാഖ്യാനിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ശരീരത്തിനാവശ്യമുള്ള ആഹാരത്തെ കുറിച്ചും ക്രിസ്തുവിനു കരുതലുണ്ടായിരുന്നുവെന്നു മാര്‍പാപ്പ ചൂണ്ടിക്കാട്ടി. ക്രിസ്തു അപ്പവും മീനും വര്‍ദ്ധിപ്പിച്ചത് ജനങ്ങളുടെ വിശപ്പ് എന്ന മൂര്‍ത്തമായ വസ്തുതയുടെ മുന്നിലാണ്. വിശപ്പു ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ക്രിസ്തു തന്‍റെ ശിഷ്യരേയും പങ്കെടുപ്പിച്ചു. ജനങ്ങളോട് അടുത്തു നിന്നാല്‍ മാത്രമേ അവരുടെ ആവശ്യങ്ങള്‍ എന്തൊക്കെയെന്നു മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂ – മാര്‍പാപ്പ വിശദീകരിച്ചു. ഓരോ ദിനവും എത്രത്തോളം ആഹാരപദാര്‍ത്ഥങ്ങള്‍ പാഴാക്കി കളയുന്നുണ്ടെന്നു ഓരോരുത്തരും ആത്മപരിശോധന നടത്തണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.Sathyadeepam, 6th August 2018