News

വിശ്വാസികള്‍ തിന്മ ചെയ്യാതിരുന്നാല്‍ പോരാ, നന്മകള്‍ ചെയ്യണം: മാര്‍പാപ്പ

കത്തോലിക്കാ വിശ്വാസികള്‍ തിന്മ ചെയ്യാതിരുന്നാല്‍ മാത്രം പോരാ, മറിച്ചു തിന്മയെ നല്ല പ്രവൃത്തികള്‍ ചെയ്തുകൊണ്ട് നേരിടുകയും വേണമെന്നു മാര്‍പാപ്പ ആവശ്യപ്പെട്ടു. സെ.പീറ്റേഴ്സ് അങ്കണത്തില്‍ യുവജനങ്ങളോടു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. തിന്മയെ എതിര്‍ക്കുന്നില്ലെങ്കില്‍ നാം അതിനെ നിശബ്ദമായി പോറ്റുകയാണ്. തിന്മ പടരുന്നിടത്ത് ഇടപെടുക അത്യാവശ്യമാണ്. നന്മ കൊണ്ട് എതിര്‍ക്കാനും സ്നേഹത്തില്‍ നടക്കാനും ധൈര്യപ്പെടാത്ത ക്രൈസ്തവരുള്ളിടങ്ങളിലാണ് തിന്മ പെരുകുക – വി. പൗലോസ് ശ്ലീഹായെ ഉദ്ധരിച്ചു മാര്‍പാപ്പ പറഞ്ഞു.

നന്മ ചെയ്യാതിരിക്കുമ്പോള്‍ ഉപേക്ഷ മൂലമുള്ള പാപം ചെയ്യുകയാണു ജനങ്ങളെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. വെറുക്കാതിരുന്നാല്‍ മാത്രം പോരാ. ക്ഷമ നല്‍കുകയും പ്രധാനമാണ്. വിരോധം സൂക്ഷിക്കാതിരുന്നാല്‍ മാത്രം പോരാ. നമ്മുടെ ശത്രുക്കളോടു ക്ഷമിക്കുകയും വേണം. മറ്റുള്ളവരെ കുറിച്ചു മോശം പറയാതിരുന്നാല്‍ മാത്രം പോരാ. മറ്റുള്ളവര്‍ മോശം പറയുന്നതിനെ തടയുകയും വേണം – മാര്‍പാപ്പ വിശദീകരിച്ചു.

ജ്ഞാനസ്നാനം സ്വീകരിച്ച ഓരോ വ്യക്തിയുടെ ഉള്ളിലും പരിശുദ്ധാത്മാവിന്‍റെ സാന്നിദ്ധ്യമുണ്ടെന്നും അതുകൊണ്ട് തിന്മയെയും പ്രലോഭനങ്ങളേയും പാപത്തേയും നിരാകരിച്ചുകൊണ്ടുള്ള ജീവിതം വിശ്വാസികള്‍ നയിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. ഞങ്ങളാരേയും ഉപദ്രവിക്കുന്നില്ല എന്നു പറയുന്ന ധാരാളം മനുഷ്യരെ ഞാന്‍ കണ്ടിട്ടുണ്ട്. അതു നന്മ ചെയ്യുന്നതിനു പകരമാകില്ല. നന്മ ചെയ്തുകൊണ്ടുള്ള ജീവിതത്തെ അവഗണിക്കുന്നത് ഉദാസീനതയിലേയ്ക്കു നയിക്കും. അതു സുവിശേഷസന്ദേശത്തിനു വിരുദ്ധമാണ്. യുവജനങ്ങളുടെ സവിശേഷതയ്ക്കും ഇതു യോജിച്ചതല്ല. യുവജനങ്ങള്‍ സ്വഭാവത്താല്‍ തന്നെ സജീവരും ആവേശഭരിതരും ധീരരുമാണ്. തിന്മ ചെയ്യാതിരിക്കുന്നത് നല്ലതാണ്, പക്ഷേ നന്മ ചെയ്യാതിരിക്കുന്നത് മോശവുമാണ് – വി. ആല്‍ബെര്‍ട്ട് ഹര്‍തുഡോയെ ഉദ്ധരിച്ചു മാര്‍പാപ്പ പറഞ്ഞു.

Sathyadeepam

August 25th, 2018