News
കുടുംബമൊന്നിച്ചും പ്രാര്‍ത്ഥനയിലും കൂടുതല്‍ സമയം ചിലവിടാന്‍ കു ടുംബങ്ങള്‍ തയ്യാറാകണം- മാര്‍പാപ്പ
ലോകം മുഴുവനും പ്രകാശം നല്‍കുന്ന സന്തോഷത്തിന്‍റെ ദീപസ്തംഭങ്ങളാകുവാന്‍ കുടുംബങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഐര്‍ലണ്ടിലെ ഡബ്ലിനില്‍ ആഗോള കുടുംബസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. ദൈവത്തിന്‍റെ രക്ഷാകരസ്നേഹം അനുഭവിച്ച ക്രൈസ്തവര്‍ വാക്കുകളിലൂടെയോ അല്ലാതെയോ ഈ സ്നേഹവും ദയയും നമ്മുടെ അനുദിനജീവിതത്തില്‍ പ്രകടിപ്പിക്കണം. ഇതാണു ജീവിതവിശുദ്ധി. ഇത്തരം കുടുംബങ്ങള്‍ സഭയുടെയും ലോകത്തിന്‍റെയും പ്രത്യാശയാണ് – മാര്‍പാപ്പ വിശദീകരിച്ചു. സുവിശേഷത്തിനു സാക്ഷ്യം വഹിക്കുന്നതിലൂടെ ദൈവത്തിന്‍റെ സ്വപ്നത്തിന്‍റെ സാക്ഷാത്കാരത്തിനായി സഹായിക്കാനാകുമെന്നു മാര്‍പാപ്പ പറഞ്ഞു. ദൈവത്തിന്‍റെ മക്കളെ ഒന്നിപ്പിക്കാനും സമാധാനത്തില്‍ ജീവിക്കുന്നതെങ്ങനെയെന്ന് അവരെ പഠിപ്പിക്കാനും ക്രൈസ്തവ കുടുംബങ്ങള്‍ക്കു സാധിക്കും. അങ്ങനെ ലോകത്തെ ഒരു കുടുംബമാക്കി മാറ്റാനാകും – മാര്‍പാപ്പ പറഞ്ഞു. തന്‍റെ പ്രസംഗത്തിനു മുമ്പ് മാര്‍പാപ്പ നിരവധി സംഗീതപരിപാടികള്‍ ആസ്വദിക്കുകയും വിവിധ കുടുംബങ്ങളുടെ സാക്ഷ്യങ്ങള്‍ കേള്‍ക്കുകയും ചെയ്തു. വിവിധരാജ്യങ്ങളിലും ജീവിതപശ്ചാത്തലങ്ങളിലും നിന്നുള്ളവരായിരുന്നു ഈ കുടുംബങ്ങള്‍. ഇന്ത്യ, ഇറാഖ്, ബുര്‍കിനോഫാസോ, ഐര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള കുടുംബങ്ങള്‍ സാക്ഷ്യങ്ങള്‍ പങ്കു വച്ചു. പത്തു മക്കളുള്ള ഒരു കുടുംബമായിരുന്നു ഇതിലൊന്ന്. ഇറാഖില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിനിടെ ഭീകരവാദികളുടെ വെടിയേറ്റു മരിച്ച ഫാ.റഖീദ് ഗാന്നിയുടെ കുടുംബവും ഇക്കൂട്ടത്തിലുണ്ടായിരു ന്നു. സമൂഹമാധ്യമങ്ങളും സാങ്കേതികവിദ്യയും വിവേചനാപൂര്‍വം ഉപയോഗിക്കേണ്ടതാണെന്ന് സാക്ഷ്യങ്ങള്‍ കേട്ട ശേഷം മാര്‍പാപ്പ പറഞ്ഞു. ബന്ധങ്ങള്‍ നിലനിറുത്താന്‍ ഇതെല്ലാം നല്ലതാണ്. എന്നാല്‍ കുടുംബാംഗങ്ങള്‍ ഒറ്റപ്പെട്ട തുരുത്തുകളാകാന്‍ ഇതിടയാക്കുകയുമരുത്. കുടുംബമൊന്നിച്ചും പ്രാര്‍ത്ഥനയിലും കൂടുതല്‍ സമയം ചിലവിടാന്‍ കു ടുംബങ്ങള്‍ തയ്യാറാകണം – മാര്‍പാപ്പ വിശദീകരിച്ചു.