News

അപവാദങ്ങള്‍ക്കും വിഭാഗീയതയ്ക്കുമുള്ള മറുപടി മൗനവും പ്രാര്‍ത്ഥനയുമാകണം -ഫ്രാന്‍സിസ് മാര്‍പാപ്പ

അപവാദപ്രചരണത്തിനും വിഭാഗീയതയ്ക്കും കുടുംബങ്ങളുടെ വിനാശത്തിനുമായി പണിയെടുക്കുന്ന സന്മനസ്സില്ലാത്ത മനുഷ്യരോടു പ്രതികരിക്കേണ്ടത് മൗനത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. നിശബ്ദത പാലിക്കേണ്ടതും സംസാരിക്കേണ്ടതും എപ്പോഴൊക്കെയെന്ന് വിവേചിച്ചറിയാനുള്ള ദൈവകൃപ കര്‍ത്താവു നമുക്കു നല്‍കും. ജോലിസ്ഥലത്തും കുടുംബത്തിലും സമൂഹത്തിലുമെല്ലാം നാം യേശുക്രിസ്തുവിന്‍റെ അടുത്ത അനുകര്‍ത്താക്കള്‍ ആകണം. -മാര്‍പാപ്പ പറഞ്ഞു. തന്‍റെ താമസസ്ഥലമായ സാന്താ മാര്‍ത്തായിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനഗോഗില്‍ നിന്ന് യേശുവിനെ ആട്ടിപ്പായിച്ചവരോട് അവിടുത്തെ പ്രതികരണം മൗനം മാത്രമായിരുന്നുവെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു. ദുഃഖവെള്ളിയാഴ്ച തന്നെ ക്രൂശിക്കണമെന്ന് ആര്‍ത്തട്ടഹസിച്ച ജനങ്ങളോടുള്ള ക്രിസ്തുവിന്‍റെ പ്രതികരണവും ഇതിനു സമാനമായിരുന്നു. ജനരോഷത്തിനു മുമ്പില്‍ യേശുവിനെ പോലെ പ്രതികരിക്കുക എളുപ്പമല്ല. പക്ഷേ ദൈവശക്തിയില്‍ വേരുറപ്പിച്ച ഒരു ക്രിസ്ത്യാനിയുടെ അന്തസ്സുറ്റ മൗനമാണത്. രാഷ്ട്രീയവും സ്പോര്‍ട്സും ധനവും പോലുള്ള വിഷയങ്ങളില്‍ കുടുംബങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുമ്പോള്‍ വിഭാഗീയത സൃഷ്ടിക്കുകയെന്നതാണ് സാത്താന്‍റെ ലക്ഷ്യം. നുണകളുടെ പിതാവെന്ന നിലയില്‍ സാത്താന്‍ കുടുംബത്തിന്‍റെയും ജനതകളുടേയും ഐക്യം തകര്‍ക്കാന്‍ ശ്രമിക്കുന്നു. പറയാനുള്ള കാര്യം പറഞ്ഞ് നിശബ്ദത പാലിക്കുകയെന്നതായിരിക്കണം പ്രതികരണം. കാരണം സത്യം ബഹളമയമല്ല, മൃദുവും നിശബ്ദവുമാണ് -മാര്‍പാപ്പ വിശദീകരിച്ചു.

Sathyadeepam

September 9th, 2018