News

മധ്യപൂര്‍വദേശ രക്തസാക്ഷികളുടെ രക്തം ക്രൈസ്തവൈക്യത്തിന്‍റെ വിത്ത് -പാപ്പാ, പാത്രിയര്‍ക്കീസ് സംയുക്ത പ്രസ്താവന

മധ്യപൂര്‍വദേശത്തെ, വിശേഷിച്ചും ഇറാഖിലെയും സിറിയയിലേയും രക്തസാക്ഷികളുടെ രക്തം ക്രൈസ്തവൈക്യത്തിന്‍റെ വിത്താണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പയും അസ്സിറിയന്‍ പാത്രിയര്‍ക്കീസ് മാര്‍ ഗീവര്‍ഗീസ് മൂന്നാമനും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ദൃശ്യമായ ഐക്യത്തിലേയ്ക്കുള്ള തീര്‍ത്ഥയാത്രയില്‍ എല്ലാ സഭകളും പൊതുവായ സഹനം നേരിടുകയാണ്. മധ്യപൂര്‍വദേശത്തെ ക്രൈസ്തവ സഹോദരങ്ങളുടെ സഹനമാണ് ഈ സാഹചര്യമുണ്ടാക്കുന്നത്. ഇവര്‍ക്കുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥനയിലും സേവനത്തിലും സഭകള്‍ ആഴത്തില്‍ ഐക്യപ്പെട്ടിരിക്കുന്നു. -പ്രസ്താവനയില്‍ സഭാദ്ധ്യക്ഷന്മാര്‍ വിശദീകരിച്ചു.

വടക്കന്‍ ഇറാഖ് ആസ്ഥാനമായുള്ള അസ്സിറിയന്‍ സഭയില്‍ ഏതാണ്ട് 1.7 ലക്ഷം വിശ്വാസികളാണുള്ളത്. ഇവര്‍ പ്രധാനമായും ഇറാഖ്, ഇറാന്‍, സിറിയ എന്നിവിടങ്ങളിലും പ്രവാസികളായി അമേരിക്കയിലുമാണു കഴിയുന്നത്. ഇസ്ലാമിക് സ്റ്റേറ്റിന്‍റെ ഭീകരാക്രമണങ്ങളില്‍ കല്‍ദായ കത്തോലിക്കര്‍ക്കൊപ്പം വലിയ ദുരിതം നേരിട്ട സഭയാണിത്.

ക്രൈസ്തവരില്ലാത്ത ഒരു മധ്യപൂര്‍വദേശം സങ്കല്‍പിക്കുക അസാദ്ധ്യമാണെന്നു സംയുക്ത പ്രസ്താവന വ്യക്തമാക്കുന്നു. ഒരു സംരക്ഷിത ന്യൂനപക്ഷമായിട്ടല്ല ക്രൈസ്തവര്‍ ഇവിടെ നിലനില്‍ക്കാന്‍ ആഗ്രഹിക്കുന്നത്. മറിച്ച് പൂര്‍ണ പൗരന്മാരായിട്ടാണ്. മറ്റു പൗരന്മാരെ പോലെ എല്ലാ അവകാശങ്ങളും സംരക്ഷിക്കപ്പെടുന്ന സമൂഹമായി ഇവിടെ ക്രൈസ്തവര്‍ തുടരേണ്ടതുണ്ട് – പ്രസ്താവന വിശദീകരിച്ചു.

മധ്യപൂര്‍വദേശത്തെ ക്രൈസ്തവരുടെ ദുരന്തപൂര്‍ണമായ ജീവിതസാഹചര്യങ്ങളിലേയ്ക്കും മഹാസഹനങ്ങളിലേയ്ക്കും അന്താരാഷ്ട്ര സമൂഹത്തിന്‍റെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ വത്തിക്കാന്‍ ചെയ്ത സേവനങ്ങള്‍ക്കു പാത്രിയര്‍ക്കീസ് മാര്‍പാപ്പയോടു നന്ദി പറഞ്ഞു. 2015 ല്‍ 230 അസ്സിറിയന്‍ ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇറാഖിലെയും സിറിയയിലെയും ക്രൈസ്തവര്‍ നേരിട്ട സഹനങ്ങള്‍ ഗുരുതരമാണ് – പാത്രിയര്‍ക്കീസ് പറഞ്ഞു.

 Source: Sathyadeepam

November 18th, 2018