News

യുവജന സാന്നിദ്ധ്യംകൊണ്ട് പാനാമ “ഭൂമിയുടെ ഹൃദയ”മാകും!



2019 ജനുവരി 22-ന് പനാമയില്‍ ആരംഭിക്കുന്ന ആഗോള യുവജനക്കൂട്ടായ്മ ദിനത്തിന്, ഡിസംബര്‍ 11-വരെയ്ക്കും 4 ലക്ഷത്തോളം യുവജനങ്ങള്‍ ഔദ്യോഗികമായി റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും, ഇനിയും 4 ലക്ഷം പേര്‍ വിവിധ ഭൂഖണ്ഡങ്ങളില്‍നിന്ന് റെജിസ്ട്രേഷന്‍, വീസ എന്നിങ്ങളെയുള്ള കാര്യങ്ങളുടെ പ്രക്രിയയില്‍ പുരോഗമിക്കുകയാണെന്നും, റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഘടക സമിതിക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് ഉളോള വ്യക്തമാക്കി. റെജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവരായ വിവിധ ഭൂഖണ്ഡക്കാര്‍ 155 വ്യത്യസ്ത രാജ്യക്കാരാണ്. അങ്ങനെ ലോകയുവതയുടെ “വിശ്വാസോത്സവ”മായി പരിണമിക്കും A great fest of faith പനാമ. കൂടാതെ, സമീപ രാജ്യങ്ങളായ ഹോണ്ടൂരാസ്, എല്‍സാല്‍വദോര്‍, ഗൗതമാലാ, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവിടങ്ങളില്‍നിന്നും വൈകിയാണെങ്കിലും വന്‍യുവജന പ്രവാഹം പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുംപുറമേ ബ്രസീല്‍, കോസ്ത റീക്ക, ഫ്രാന്‍സ്, പോളണ്ട് എന്നീ രാജ്യങ്ങളില്‍നിന്നായി ഒരു മാസത്തില്‍ അധികമായി 37,000 സന്നദ്ധസേവകരായ യുവജനങ്ങള്‍ പനാമയില്‍ വിവിധ മേഖലകളിലെ ഒരുക്കങ്ങളില്‍ വ്യാപൃതരാണെന്നും  ആര്‍ച്ചുബിഷുപ്പ് ഉളോള അറിയിച്ചു.

ജനുവരി 22-ന് ആരംഭിക്കുന്ന യുവജനോത്സവത്തിന് മൂന്നു ദിവസം മുന്‍പ് 1000-ല്‍ അധികം തദ്ദേശീയരായ യുവജനങ്ങളുടെ രാജ്യാന്തര സംഗമം പനാമയില്‍ ചേരുന്നതും ഈ ആഗോള യുവജനക്കൂട്ടായ്മയുടെ തനിമയായിരിക്കും. ചെറിയ രാജ്യമായ പനാമ ലോകത്തെ ഉള്‍ക്കൊള്ളുന്നൊരു സാഹസമാണ് ഇത്! എന്നാല്‍ ഏറെ സന്തോഷത്തോടെയാണ് സഭയും സര്‍ക്കാരും ഇക്കാര്യത്തില്‍ കൈകോര്‍ത്തു മുന്നേറുന്നതെന്ന് പനാമയില്‍നിന്നുമുള്ള വത്തിക്കാനിലെ സ്ഥാനപതി, മിറോസ്ലാവോ റോസാസ് വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.

യുവജനോത്സവത്തിന്‍റെ സംഘാടകരുടെ പ്രതിനിധികള്‍ റോമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍നിന്ന് : കടപ്പാട്- ഫാദര്‍ വില്യം നെല്ലിക്കല്‍, വത്തിക്കാന്‍ ന്യൂസ്‌, 12 December 2018