News

കാല്‍പ്പാദങ്ങളില്‍ മുത്തമിട്ട് ഫ്രാന്‍സീസ് പാപ്പാ!

പാപ്പാ, ദക്ഷിണസുഡാന്‍റെ രാഷ്ട്രപതിയുടെയും നിയുക്ത ഉപരാഷ്ട്രപതിമാരുടെയും പാദങ്ങള്‍ ചുംബിച്ചു.

 വത്തിക്കാനില്‍, താന്‍ വസിക്കുന്ന, വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള "ദോമൂസ് സാംക്തെ മാര്‍ത്തെ" മന്ദിരത്തില്‍ ദക്ഷിണ സുഢാനിലെ ഉന്നത പൗരാധികാരികള്‍ക്കും  സഭാധികാരികള്‍ക്കും വേണ്ടി നടത്തപ്പെ‌ട്ട ദ്വിദിന ധ്യാനത്തിന്‍റെ  സമാപന ദിനമായിരുന്ന വ്യാഴാഴ്ച (11/04/2019) വൈകുന്നേരം അവരുമായുള്ള കൂടിക്കാഴ്ചയ്ക്കെത്തിയ വേളയിലാണ് ഫ്രാന്‍സീസ് പാപ്പാ സമാധാനാഭ്യര്‍ത്ഥനയുടെ പ്രതീകമായി, ഔപചാരികത വെടിഞ്ഞും, ശാരീരികബുദ്ധിമുട്ടുകള്‍ അവഗണിച്ചും താഴ്മയുടെ ഈ പ്രവൃത്തി ചെയ്തത്.

 ദക്ഷിണ സുഡാന്‍റെ പ്രസിഡന്‍റ് സാല്‍വ കീര്‍ മയാര്‍ദിത്ത്, നിയുക്ത പ്രസിഡന്‍റുമാരായ റിയെക് മച്ചാര്‍, ശ്രീമതി റെബേക്ക ന്യാന്തെംഗ് ദെ മബിയൊ എന്നിവരുടെ കാല്‍പാദങ്ങളാണ് പാപ്പാ മുട്ടുകുത്തി മുത്തിയത്.

 സമാധാന ഉടമ്പടിയില്‍ ഒപ്പുവച്ചവരായ ഈ മൂന്നു പേരോടും പാപ്പാ ഒരു സഹോദനെന്ന നിലയില്‍ സമധാനാഭ്യര്‍ത്ഥന നടത്തുകയും ചെയ്തു.

 "നിങ്ങള്‍ സമാധാനത്തില്‍ ഉറച്ചു നില്‌‍ക്കണമെന്ന് ഞാന്‍ ഹൃദയംഗമമായി അഭ്യര്‍ത്ഥിക്കുന്നു. നമുക്കു മുന്നേറാം. നിരവധി പ്രശ്നങ്ങള്‍ ഉണ്ടാകും. എന്നാല്‍ അവയെ ഭയപ്പെടേണ്ടതില്ല. പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ടു മുന്നോട്ടു പോകുക. നിങ്ങള്‍ തുടക്കമിട്ട സമധാനപ്രക്രിയ ശുഭോദര്‍ക്കമായി ഭവിക്കട്ടെ. നിങ്ങള്‍ക്കിടയില്‍ അഭിപ്രായവിത്യാസങ്ങളുണ്ടാകാം. അതു നിങ്ങളുടെ ഔദ്യോഗിക കാര്യാലയത്തിനുള്ളില്‍ ഒതുങ്ങി നില്ക്കട്ടെ. ജനങ്ങള്‍ക്കു മുന്നില്‍ നിങ്ങള്‍ കൈകോര്‍ത്തു നില്ക്കണം. അങ്ങനെ സാധാരണ പൗരന്മാരില്‍ നിന്ന് നിങ്ങള്‍ രാഷ്ട്രത്തിന്‍റെ പിതാക്കന്മാരായി മാറും" - പാപ്പാ ഇവര്‍ മൂന്നു പേരോടുമായി പ്രത്യേകം പറഞ്ഞു.


Source: Vatican News Malayalam, ജോയി കരിവേലി, വത്തിക്കാന്‍ സിറ്റി