News
പൗരോഹിത്യ സുവർണ ജൂബിലി നിറവിൽ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്ത്
ജപ്പാനിലെ അപ്പസ്തോലിക് നുണ്‍ഷ്യോയും എറണാകുളം - അങ്കമാലി അതിരൂപതാംഗവുമായ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്ത് പൗരോഹിത്യ സുവർണജൂബിലി നിറവിൽ. വിവിധ ലോകരാജ്യങ്ങളിൽ മാർപാപ്പയുടെ പ്രതിനിധിയായും കത്തോലിക്കാ സഭയുടെ ശക്തമായ ശബ്ദമായും അടയാളപ്പെടുത്തിയ സേവനമികവിന്റെ മുദ്രകൾ, മാർ ചേന്നോത്തിന്റെ ശുശ്രൂഷാജീവിതത്തെ ശ്രദ്ധേയമാക്കുന്നതാണ്.
ലോകത്ത് സുവിശേഷം പ്രസംഗിക്കുക എന്ന വചനവെളിച്ചം ദർശനമാക്കിയാണു മാർ ചേന്നോത്ത് പൗരോഹിത്യ ശുശ്രൂഷയിലേക്കു പ്രവേശിച്ചത്. മനുഷ്യന്റെ സമഗ്രവളർച്ച ദൈവത്തിനു കൂടുതൽ സന്തോഷമുണ്ടാക്കുന്നുവെന്ന വിശുദ്ധ ഇരേണിയൂസിന്റെ വാക്കുകൾ ഇടയശുശ്രൂഷയിൽ പ്രകാശമായി. ഈ രണ്ടു ദർശനങ്ങളും സമന്വയിപ്പിച്ചുള്ള 50 വർഷത്തെ പൗരോഹിത്യ ജീവിതം ആധ്യാത്മിക നിറവിൽ സംതൃപ്തിയുടേതായിരുന്നെന്നു മാർ ചേന്നോത്ത് പറയുന്നു. ദൈവത്തോടും സഭയോടും ചേർന്നു സഞ്ചരിക്കാനും ശുശ്രൂഷാപാതയിൽ പ്രതിസന്ധികളെ അതിജീവിച്ചു മുന്നേറാനുമായതു വലിയ കൃപയാണ്. അവർണനീയമായ ദൈവദാനങ്ങൾക്കു കൃതജ്ഞതയർപ്പിക്കുന്ന അവസരമാണു സുവർണജൂബിലി വേളയെന്നും മാർ ചേന്നോത്ത് പറഞ്ഞു. കോക്കമംഗലം ചേന്നോത്ത് ജോസഫ് - മറിയക്കുട്ടി ദന്പതികളുടെ മകനായി 1943 ഒക്ടോബർ 13നാണു മാർ ചേന്നോത്തിന്റെ ജനനം. മാർ ജെയിംസ് കാളാശേരിയുടെ സഹോദരപുത്രിയാണു മറിയക്കുട്ടി. മാർ ചേന്നോത്തിന് ഏഴു സഹോദരങ്ങൾ. സെമിനാരി പഠനത്തിനിടെ കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിന്റെ പ്രോത്സാഹനത്തിൽ റോമിൽ ഉപരിപഠനത്തിനായി നിയോഗിക്കപ്പെട്ടു. 1969 മേയ് നാലിനാണു മാർ ചേന്നോത്ത് പൗരോഹിത്യവഴിയിൽ യാത്രയാരംഭിച്ചത്. ഓസ്ട്രിയായിലായിരുന്നു പൗരോഹിത്യ സ്വീകരണം. റോമിലെ പൊന്തിഫിക്കൽ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്നു ഫിലോസഫിയിലും തിയോളജിയിലും ബിരുദങ്ങൾ നേടി. പൗരോഹിത്യ സ്വീകരണ ശേഷം റോമിൽ നിന്നു കാനൻനിയമത്തിൽ ഡോക്ടറേറ്റും നേടി. ഫ്രഞ്ച്, ലാറ്റിൻ, സ്പാനിഷ്, ഇറ്റാലിയൻ, ചൈനീസ്, ജർമൻ ഭാഷകളിൽ പ്രാവീണ്യം നേടിയതും മാർ ചേന്നോത്തിന്റെ പ്രവർത്തന മേഖലകളിൽ നേട്ടമായി. പോൾ ആറാമൻ പാപ്പയിൽ നിന്നാണു മോണ്‍സിഞ്ഞോർ പദവി സ്വീകരിച്ചത്. ടർക്കി, വത്തിക്കാനിലെ ഫോറിൻ മിനിസ്ട്രി, ബെൽജിയം, ലക്സണ്ബർഗ്, യൂറോപ്യൻ യൂണിയൻ, ഡെന്മാർക്ക്, സ്വീഡൻ, നോർവേ, ഫിൻലൻഡ്, ഐസ്ലൻഡ് എന്നീ രാജ്യങ്ങളിൽ വത്തിക്കാൻ സ്ഥാനപതി കാര്യാലയങ്ങളിൽ സേവനം ചെയ്തു. 1999ൽ ജോണ്‍പോൾ രണ്ടാമൻ മാർപാപ്പ ആർച്ച്ബിഷപ്പായി ഉയർത്തി. 1986ൽ കേരളം സന്ദർശിച്ച പാപ്പാ യ്ക്കൊപ്പം മാർ ചേന്നോത്തും ഉണ്ടായിരുന്നു. പാപ്പായ്ക്കു മലയാളവാക്കുകൾ ഉപയോഗിക്കാൻ പരിശീലനം നൽകിയതും മാർ ചേന്നോത്ത് ആണ്. തായ്വാനിൽ ശുശ്രൂഷ ചെയ്യുന്നതിനിടെ ബെനഡിക്ട് പതിനാറാമൻ പാപ്പയാണു മാർ ചേന്നോത്തിനെ അപ്പസ്തോലിക് നുണ്‍ഷ്യോയായി നിയോഗിച്ചത്. സെൻട്രൽ ആഫ്രിക്കയിലും ചാഡിലും അദ്ദേഹം നുണ്‍ഷ്യോയായി സേവനം ചെയ്തു. 2011 മുതൽ ജപ്പാനിൽ നുണ്‍ഷ്യോ എന്ന നിലയിൽ സേവനം ചെയ്യുന്നു. സഭയുടെ സുവിശേഷദൗത്യത്തിൽ സാധിക്കുന്നിടത്തോളം പങ്കാളിയാവണമെന്നാണു മനസിലെന്നു മാർ ചേന്നോത്ത് പറയുന്നു. വത്തിക്കാനും ജപ്പാനിലെ സഭയും തമ്മിലുള്ള ബന്ധം സുദൃഢമാക്കാൻ ഇപ്പോഴത്തെ ശുശ്രൂഷകൾകൊണ്ടു സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. മാതൃ ഇടവകയായ കോക്കമംഗലം മാർത്തോമ്മ തീർഥാടന ദേവാലയത്തിൽ നാളെ ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന്റെ പൗരോഹിത്യ സുവർണജൂബിലിയോടനുബന്ധിച്ചു കൃതജ്ഞതാബലിയും അനുമോദന സമ്മേളനവും നടക്കും. മെത്രാന്മാരും വൈദികരും സമർപ്പിതരും ഇടവകാംഗങ്ങളും കുടുംബാംഗങ്ങളും ചേർന്നൊരുക്കുന്ന സുവർണജൂബിലി ആഘോഷം, പൗരോഹിത്യ, ഇടയശുശ്രൂഷകളിലെ സമൃദ്ധമായ അനുഗ്രഹനിറവിനുള്ള കൃതജ്ഞതാപ്രകാശനം കൂടിയാണ്.Source: deepika.com