News
വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു വേണ്ടി ആദ്യമായി ഒരു വനിതാഫുട്ബോള്‍ ടീം രൂപീകരിക്കപ്പെട്ടു
വത്തിക്കാന്‍ സിറ്റി രാഷ്ട്രത്തിനു വേണ്ടി ആദ്യമായി ഒരു വനിതാഫുട്ബോള്‍ ടീം രൂപീകരിക്കപ്പെട്ടു. 1974 മുതല്‍ പുരുഷന്മാരുടെ ഫുട്ബോള്‍ ടീം വത്തിക്കാനില്‍ ഉണ്ടെങ്കിലും സ്ത്രീകള്‍ക്കായി ഇതുവരെ ടീമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നു വിമന്‍ ഇന്‍ വത്തിക്കാന്‍ എന്ന സംഘടനയുടെ സെക്രട്ടറി സൂസന്‍ വോള്‍പിനി പറഞ്ഞു. എല്ലാ വര്‍ഷവും ജൂണില്‍ വത്തിക്കാനില്‍ കുടുംബദിനം ആഘോഷിക്കുകയും അതിന്‍റെ ഭാഗമായി കായികവിനോദമത്സരങ്ങള്‍ നടത്തുകയും ചെയ്യുന്നുണ്ട്. പുരുഷന്മാരുടെ ടീം റോമിലെ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബിന്‍റെ ടീമുമായി മത്സരം നടത്തും. കുട്ടികള്‍ക്കായും പല മത്സരങ്ങളുണ്ടാകും. സ്ത്രീകള്‍ക്കു പക്ഷേ ഇതിലൊന്നും യാതൊരു പങ്കാളിത്തവും ഉണ്ടാകാറില്ല. ഇതിനു മാറ്റം വരുത്തുകയാണു ലക്ഷ്യം. വത്തിക്കാന്‍ ജീവനക്കാരും ജീവനക്കാരുടെ കുടുംബാംഗങ്ങളുമായ സ്ത്രീകളാണ് ടീമംഗങ്ങള്‍. 25 സ്ത്രീകള്‍ അംഗങ്ങളായി ചേര്‍ന്നു കഴിഞ്ഞു. കന്യാസ്ത്രീകള്‍ ഇതുവരെ ചേര്‍ന്നിട്ടില്ലെന്നും അവരെയും ചേര്‍ക്കാന്‍ ഒരുക്കമാണെന്നും സംഘാടകര്‍ പറഞ്ഞു. താന്‍ ജോലിക്കു ചേര്‍ന്ന കാലത്ത് വത്തിക്കാനിലെ കന്യാസ്ത്രീകളൊഴികെയുള്ള വനിതാജോലിക്കാരുടെ എണ്ണം 0.2% മാത്രമായിരുന്നുവെന്നും ഇപ്പോഴത് 20% ആയി വര്‍ദ്ധിച്ചുവെന്നും അതുകൊണ്ടു തന്നെ ടീം രൂപീകരണത്തില്‍ അത്ഭുതപ്പെടാനില്ലെന്നും വത്തിക്കാന്‍ സ്പോര്‍ട്സ് അസോസിയേഷന്‍ മേധാവി ഡാനിയേല്‍ സെന്നാരാ പറഞ്ഞു. വത്തിക്കാനിലെ പൊതുവായ വനിതാശാക്തീകരണത്തിന്‍റെ ഭാഗമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. Source: Sathyadeepam, 2019 May 25