News

ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത് സുവർണ്ണ ജൂബിലി നിറവിൽ


ജപ്പാന്റെ ന്യൂൺഷിയോ ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത് സുവർണ്ണ ജൂബിലി നിറവിൽ; റോമിൽ ആശംസകളർപ്പിച്ച് രൂപതാംഗങ്ങൾ

റോം: കത്തോലിക്കാ സഭയുടെ ജപ്പാനിലെ ന്യൂൺഷിയോയും എറണാകുളം -അങ്കമാലി അതിരൂപതാംഗവുമായ ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത് പൗരോഹിത്യത്തിന്റെ സുവർണ്ണ ജൂബിലി നിറവിൽ. റോമിൽ പഠിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന എറണാകുളംഅങ്കമാലി അതിരൂപതയിലെ അൻപതോളം വൈദീകരും സന്യസ്തരും ഒത്തുചേർന്നാണ് വിശുദ്ധ കുർബാനയും, സ്നേഹവിരുന്നുമായി അദ്ദേഹത്തിന് ആദരമൊരുക്കിയത്. ശനിയാഴ്ച റോമിലെ മെറുളാനയിലെ BPS കോൺവെന്റിലായിരുന്നു സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.

കഴിഞ്ഞ അരശതാബ്ദത്തിലേറെയായി ആഗോള സഭയുടെ ആധ്യാത്മികവും, സാമൂഹികവും, സാംസ്കാരികവുമായ മേഖലകളിലെ ഉന്നമനത്തിന് സുപ്രധാനമായ പങ്കു വഹിച്ചുവരികയാണ് ആർച്ചുബിഷപ്പ് ജോസഫ് ചേന്നോത്ത്.

ഫാ. ജിമ്മി മണ്ടിയിൽ, ഫാ. വർഗീസ് അമ്പലത്തിങ്കൽ എന്നിവർ ന്യൂൺഷിയോയ്ക്ക് ആശംസകൾ നേർന്നു. സി. എലിസബത്ത് SABS അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരം അർപ്പിച്ചു.

വത്തിക്കാന് ഇപ്പോൾ 174 രാജ്യങ്ങളുമായി നയതന്ത്രബന്ധമുണ്ട്. ദൈവേഷ്ടം അനുസരിച്ച് എവിടെ പോകുവാനും, ക്രിസ്തുവിന്റെ ജീവനിലും ദൗത്യത്തിലും പങ്കാളിയായി സഭയുടെ നയതന്ത്ര ജോലിയിൽ പങ്കുചേരുന്നതിലും തീർത്തും സംതൃപ്തനാണെന്നും, ദൈവേഷ്ടമനുസരിച്ച് സാധിക്കുന്നകാലമത്രയും മുന്നോട്ട് പോകുമെന്നും ആർച്ചുബിഷപ്പ് പറഞ്ഞു. സ്വന്തം രൂപതയ്ക്ക് ഉപരിയായി ആഗോളസഭക്ക് തന്റെ കഴിവും സമയവും അർപ്പിക്കാൻ ദൈവം എനിക്ക് അവസരം തന്നു താനത് നന്നായി വിനിയോഗിച്ചു എന്ന് കരുതുന്നുവെന്നും, വിവിധ രാജ്യങ്ങളിൽ പത്രോസിന്റെ പിൻഗാമിയുടെ പ്രതിനിധിയാകുന്നതിലെ ഉത്തരവാദിത്തവും അതിലൂടെ നൽകേണ്ട സാക്ഷ്യവും തന്നെ എന്നും കൂടുതൽ ശ്രദ്ധയോടെ വ്യപരിക്കാൻ പ്രേരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിചേർത്തു.


Source: Catholic Vox News, 16.06.2019.