News

ഫാ. ജോസ് ചിറമേൽ: സഭാനിയമവഴിയിലെ സൂര്യശോഭ

കൊച്ചികാനൻ നിയമങ്ങളെക്കുറിച്ചുള്ള ഏതു ചോദ്യങ്ങൾക്കും സംശയങ്ങൾക്കും ഉത്തരത്തിനായി ആശ്രയിക്കാവുന്ന പണ്ഡിത വൈദികനായിരുന്നു ചൊവ്വാഴ്ച (18.06.2019) നിര്യാതനായ റവ.ഡോ. ജോസ് ചിറമേൽ. ഗഹനമായ നിയമപാഠങ്ങളെ ലളിതമായി പകർന്നു നല്കുന്നതിലും സവിശേഷശ്രദ്ധ പുർത്തിയിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണ്.

മഞ്ഞപ്ര ചിറമേൽ ഫ്രാൻസിസ്  അന്ന ദമ്പതികളുടെ രണ്ടാമത്തെ മകനായി 1952 ഏപ്രിൽ 24-നായിരുന്നു ജനനം. 1973-75 കാലയളവിൽ മംഗലപ്പുഴ സെമിനാരിയിൽ നിന്നും ഫിലോസഫിയും 1977-80 കാലയളവിൽ വടവാതൂർ സെമിനാരിയിൽ നിന്നും തിയോളജിയും പൂർത്തിയാക്കി. 1980 ഡിസംബർ 19-ന് മാർ ജോസഫ് പാറേക്കാട്ടിലിൽ നിന്നും പൗരോഹിത്യം സ്വീകരിച്ചു.

കാനൻ നിയമത്തിൽ സീറോ മലബാർ സഭയിലെ ആധികാരിക ശബ്ദ മായിരുന്ന ജോസ് ചിറമേലച്ചൻ റോമിലെ ഗ്രിഗോറിയൻ യൂണി വേഴ്സിറ്റിയിൽ നിന്നും മറ്റു വിവിധ സർവകലാശാലകളിൽ നിന്നുമാണ് ഡോക്ടറേറ്റും വിവിധ ഡിപ്ലോമകളും കരസ്ഥമാക്കിയത്. 2014 മുതൽ കാക്കനാട് മൗണ്ട് സെന്റ് തോമസിലെ സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ ട്രിബ്യൂണൽ പ്രസിഡന്റായി സേവനം ചെയ്തു വരികയായിരുന്നു. സങ്കീർണമായ ഏതു നിയമപ്രശ്നങ്ങളെയും സമഗ്രമായി സമീപിക്കാനും പരാതികൾക്കു പരിഹാരമുണ്ടാക്കുവാനും അദ്ദേഹത്തിനായി. സഭയുടെ ട്രിബ്യൂണൽ പ്രവർത്തനങ്ങൾ സംബന്ധിച്ച റിപ്പോർട്ടിനെ വത്തിക്കാൻ പലവട്ടം ശ്ലാഘിച്ചിട്ടുണ്ട്.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്ക റെക്ടർ, പൂനെ പേപ്പൽ സെമിനാരി കാനൻ നിയമ വിസിറ്റിങ് പ്രൊഫസർ, ധർമ്മാരാം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാനൻ ലോ വിസിറ്റിങ് പ്രൊഫസർ, എറണാകുളം  -  അങ്കമാലി അതിരൂപതാ വക്താവ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ, പുതിയകാവ്, കാക്കനാട്, എളമക്കര, പെരുമാനൂർ, തായി ക്കാട്ടുകര, സത്യദീപം (എഡിറ്റർ), മെട്രാപൊളിറ്റൻ ട്രിബ്യൂണൽ (ജഡ്ജ്, അഡ്ജുറ്റന്റ് ജുഡീഷ്യൽ വികാർ) എന്നിവിടങ്ങളിലും സേവനം ചെയ്തിട്ടുണ്ട്.

2016 മുതൽ സഭയിലെ നാമകരണ നടപടികൾക്കായുള്ള പോസ്റ്റുലേറ്റർ ജനറലായും സേവനം ചെയ്തു. നാമകരണ നടപടികൾക്കായുള്ള സഭയുടെ പോസ്റ്റുലേറ്റർ ജനറലായുള്ള സേവനം സഭാചരിത്രത്തിലെ നിർണായക മുഹൂർത്തങ്ങൾ കൂടിയാണ്.

കാനൻ നിയമ സംബന്ധമായി റവ.ഡോ. ചിറമേൽ എഴുതിയ പുസ്തകങ്ങൾ ഈ രംഗത്തെ പണ്ഡിതർക്കും വിദ്യാർത്ഥികൾക്കും സാധാരണക്കാർക്കും ഒരുപോലെ ഗുണകരമാണ്. പൗരസ്ത്യ നിയമസംഹിതയെയും ലത്തീൻ നിയമസംഹിതയെയും സഭയുടെ ആധികാരിക പ്രബോധനങ്ങളെയും വ്യാഖ്യാനങ്ങളെയും അടിസ്ഥാനമാക്കി എഴുതിയിട്ടുള്ള ഗ്രന്ഥങ്ങൾ ശ്രദ്ധേയമാണ്.

അർബുദരോഗം മൂർച്ഛിച്ചതിനെത്തുടർന്ന് മേയ് ഏഴിനാണ് റവ.ഡോ. ചിറമേലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവസാനനാളുകളിൽ സന്ദർശിക്കാനെത്തിയ മെത്രാന്മാരോടും വൈദികരോടും പ്രിയപ്പെട്ടവരോടും താൻ അവസാനയാത്രയ്ക്കായി ഒരുങ്ങുകയാണെന്ന് പറഞ്ഞിരുന്നു. 18.06.2019 ചൊവ്വാഴ്ച പുലർച്ചയ്ക്ക് 1.30-ന് ആയിരുന്നു മരണം. 19.06.2019 ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അദ്ദേഹത്തിന്റെ മാതൃഇടവകയായ മഞ്ഞപ്ര ഹോളി ക്രോസ്സ് ഫൊറോന പള്ളിയിലായിരുന്നു വിശുദ്ധ കുർബാന യോടു കൂടിയ മൃതസംസ്കാരശുശ്രൂഷ. മൃതസംസ്കാരശുശ്രൂഷയ്ക്ക് എറണാകുളം - അങ്കമാലി അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ് മനത്തോടത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. അദ്ദേഹത്തിന്റെ സഹ പാഠി കൂടിയായ ബഹുമാനപ്പെട്ട ജോസ് ഇടശ്ശേരിയച്ചനാണ് വചനസന്ദേശം നല്കിയത്. മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ. മാർ മാത്യു വാണിയകിഴക്കേൽ എന്നിവർ സഹകാർമ്മികരായിരുന്നു. മൃതസംസ്കാര ശുശ്രൂഷയുടെ അവസാനഭാഗത്തിന് മേജർ ആർച്ച്ബിഷപ്പ് കാർഡിനൽ മാർ ജോർജ്ജ് ആലഞ്ചേരി നേതൃത്വം നല്കി.

Source : ദീപിക (19.06.2019)