News
മുറിവുകള്‍ ഏറ്റവര്‍ക്കാണ് മറ്റുള്ളവരുടെ മുറിവുണക്കാനാവുക: മാര്‍ എടയന്ത്രത്ത്

കൊച്ചി: ജീവിതത്തില്‍ മുറിവുകള്‍ ഏറ്റിട്ടും അഗ്നിച്ചിറകുകളുമായി ഉണര്‍ന്നെഴുന്നേല്‍ക്കുന്നവര്‍ക്കാണു മറ്റുള്ളവരുടെ മുറിവുകളില്‍ ആശ്വാസമാകാനാവുകയെന്ന് എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്. 'ഒറ്റച്ചിറകിന്‍ തണലില്‍ അഗ്‌നിച്ചിറകുള്ള മക്കള്‍' എന്ന വിഷയത്തില്‍ അതിരൂപത യൂദിത്ത് ഫോറം വിധവകള്‍ക്കായി സംഘടിപ്പിച്ച രണ്ടാമതു വാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോഴും ജീവിതത്തെ ആഴത്തില്‍ സ്‌നേഹിക്കണം. ഉള്ളിലൊളിഞ്ഞിരിക്കന്ന നന്മയുടെ അഗ്നിയെ നാം നമുക്കും മറ്റുള്ളവര്‍ക്കും പ്രകാശമാകുന്ന തരത്തില്‍ ജ്വലിപ്പിക്കണമെന്നും മാര്‍ എടയന്ത്രത്ത് ഓര്‍മിപ്പിച്ചു.
അന്താരാഷ്ട്ര വിധവാദിനത്തോടനുബന്ധിച്ചു കലൂര്‍ റിന്യൂവല്‍ സെന്ററിലാണു രണ്ടാമതു വാര്‍ഷിക സെമിനാര്‍ നടത്തിയത്. അതിരൂപത കുടുംബപ്രേഷിതവിഭാഗം ഡയറക്ടര്‍ റവ.ഡോ. അഗസ്റ്റിന്‍ കല്ലേലി അധ്യക്ഷത വഹിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തക ഉമ പ്രേമന്‍ മുഖ്യാതിഥിയായി. അഗസ്റ്റിന്‍ കല്ലേലിയും സിസ്റ്റര്‍ ഡോ. റോസ് ജോസും ക്ലാസുകള്‍ നയിച്ചു. സമാപന സമ്മേളനത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ സന്ദേശം നല്‍കി.
60 വയസില്‍ താഴെ പ്രായമുള്ള വിധവകള്‍, ഭര്‍ത്താവിന്റെ മരണശേഷം അഞ്ചു വര്‍ഷമെങ്കിലും ഇടവകതലങ്ങളില്‍ വിവിധ ശുശ്രൂഷകള്‍ ചെയ്തിട്ടുള്ളവര്‍, അഞ്ചു വര്‍ഷമെങ്കിലും ജനപ്രതിനിധികളായി സേവനം ചെയ്ത വിധവകള്‍ എന്നിവരെ ആദരിച്ചു.
യൂദിത്ത് ഫോറം കോ ഓര്‍ഡിനേറ്റര്‍ ബീന ജോസഫ്, ആനിമേറ്റര്‍ സിസ്റ്റര്‍ ആനീഷ, സെമിനാര്‍ കോ ഓര്‍ഡിനേറ്റര്‍ മേഴ്‌സി പൗലോസ്, ശാന്തി ബിജു, റാണി മത്തായി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
2019 June 24
