News

മാ​ർ ആ​​​ന്‍റ​​​ണി ക​രി​യി​ൽ എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി

കൊച്ചി: സീറോ മലബാർ സഭയുടെ മേജർ ആർച്ച്ബിഷപ്പിന്റെ ആസ്ഥാന രൂപതയായ എറണാകുളം- അങ്കമാലി അതിരൂപതയുടെ ഭരണനിർവഹണത്തിനു പുതിയ സംവിധാനം. മേജർ ആർക്കി എപ്പിസ്കോപ്പൽ വികാർ (മെത്രാപ്പോലീത്തൻ വികാരി) എന്ന പുതിയ തസ്തിക വത്തിക്കാന്റെ അംഗീകാരത്തോടെ സിനഡ് സ്ഥാപിച്ചു. ആ സ്ഥാനത്തേക്കു മാണ്ഡ്യ രൂപതയുടെ മെത്രാനും സിനഡ് സെക്രട്ടറിയുമായ ബിഷപ് മാർ ആന്റണി കരിയിലിനെ നിയമിച്ചു. 


മേജർ ആർച്ച്ബിഷപ്പിന്റെയും സിനഡിന്റെയും ശിപാർശ സ്വീകരിച്ചു ഫ്രാൻസിസ് മാർപാപ്പ മാർ കരിയിലിന് ആർച്ച്ബിഷപ്പിന്റെ പദവി നല്കി. എറണാകുളം- അങ്കമാലി അതിരൂപതയുടെ സഹായമെത്രാന്മാരായിരുന്ന മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിനെ മാണ്ഡ്യ രൂപതയുടെ മെത്രാനായും മാർ ജോസ് പുത്തൻവീട്ടിലിനെ ഫരീദാബാദ് രൂപതയുടെ സഹായമെത്രാനായും സിനഡ് നിയോഗിച്ചു. ഫാ. വിൻസെന്റ് നെല്ലായിപ്പറമ്പിലാണു ബിജ്നോർ രൂപതയുടെ പുതിയ മെത്രാൻ. 


സിനഡിന്റെ തീരുമാനങ്ങളെല്ലാം അംഗീകരിച്ചു വത്തിക്കാനിൽനിന്ന് അറിയിപ്പു ലഭിച്ചതനുസരിച്ച് മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി പുതിയ നിയമനങ്ങളിൽ ഒപ്പുവച്ചു. ഇതുസംബന്ധിച്ച പ്രഖ്യാപനം ഇറ്റാലിയൻ സമയം ശനിയാഴ്ച (31.08.2019) ഉച്ചയ്ക്കു 12-ന് റോമിലും സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഉച്ചകഴിഞ്ഞ് 3.30-നും നടന്നു. ഓഗസ്റ്റ് 19 മുതൽ നടന്ന സീറോ മലബാർ സഭയുടെ ഇരുപത്തിയേഴാമത് സിനഡിലാണ് പുതിയ നിയമനങ്ങളുടെ തീരുമാനം ഉണ്ടായത്.


Source : Deepika ,2019 Aug 31