News
മണ്ഡ്യ ബിഷപ്പായി മാര്‍ എടയന്ത്രത്ത് സ്ഥാനമേറ്റു
ബംഗളൂരു: കേരളത്തിനു പുറത്ത് സീറോ മലബാര്‍ സഭയുടെ പൈതൃകത്തിളക്കമുള്ള വിശ്വാസ സാക്ഷ്യം ശക്തമായി അടയാളപ്പെടുത്തിയ മണ്ഡ്യ രൂപതയ്ക്ക് പുതിയ ഇടയന് നിയോഗമേറ്റു. പ്രാര്‍ഥനകളുടെ ഈണം അകമ്പടിയായ സായാഹ്നത്തില്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെ സ്ഥാനാരോഹണ ശുശ്രൂഷകള്‍ നടന്നു.
ബംഗളൂരു ധര്‍മാരാമിലെ ക്രൈസ്റ്റ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കിയ അള്‍ത്താരയില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കാർമികത്വത്തിലായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. മണ്ഡ്യ രൂപത പ്രോട്ടോ സിഞ്ചല്ലൂസ് മോണ്‍. മാത്യു കോയിക്കര മെത്രാന്മാരെയും മറ്റുള്ളവരെയും സ്വാഗതം ചെയ്തു. ചാന്‍സലര്‍ ഫാ. ജോമോന് കോലഞ്ചേരി പുതിയ മെത്രാന്റെ നിയമനപത്രിക വായിച്ചു. നിയമന രേഖകള്‍ മേജര്‍ ആര്‍ച്ച്ബിഷപ് മാർ ആലഞ്ചേരി മാര്‍ എടയന്ത്രത്തിനു കൈമാറി.
വിശാലമായ മണ്ഡ്യ രൂപതയുടെ വളര്‍ച്ചയ്ക്കു മാര്‍ എടയന്ത്രത്തിനോടു ചേര്‍ന്ന് പ്രാര്‍ഥനകളും സഹകരണവുമായി ഏവരും ഒപ്പമുണ്ടാകണമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. തുടര്‍ന്നു മാര്‍ എടയന്ത്രത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ അര്‍പ്പിച്ച കൃതജ്ഞതാബലിയില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍, ബിഷപ് മാര്‍ ജോസ് പുത്തന്‍വീട്ടില്‍, മോണ്‍. മാത്യു കോയിക്കര, ബംഗളൂരു അതിരൂപത വികാരി ജനറാള്‍ മോണ്‍. എസ്. ജയനാഥന്‍ എന്നിവര്‍ സഹകാര്‍മികരായി. ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് വചനസന്ദേശം നല്കി.
തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മാര്‍ കരിയിലിനു യാത്രയയപ്പും മാര്‍ എടയന്ത്രത്തിനു സ്വീകരണവും നല്കി. ബംഗളൂരു ആര്‍ച്ച്ബിഷപ് ഡോ. പീറ്റര്‍ മച്ചാടോ, മേജര്‍ ആര്‍ച്ച്ബിഷപ് മാർ ജോർജ് ആലഞ്ചേരി, മാര്‍ ആന്റണി കരിയില്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരെ പൊന്നാടയും മാലയും പരമ്പരാഗത തലപ്പാവും അണിയിച്ച് ആദരിച്ചു.
ധര്‍മാരാം റെക്ടര്‍ റവ.ഡോ. ജോര്‍ജ് എടയാടിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മാത്യു മാമ്പ്ര, ഫാ. ജോമോന് കോലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍, ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ മറുപടിപ്രസംഗം നടത്തി.
മണ്ഡ്യ രൂപതയിലെയും എറണാകുളം -അങ്കമാലി അതിരൂപതയിലെയും മാതൃ ഇടവകയായ വൈക്കത്തെയും വൈദിക, സന്യസ്ത, അല്മായ പ്രതിനിധികള്‍ പങ്കെടുത്തു.
Source : Deepika ,2019 Sep