News
രാജത്വ തിരുനാൾ ആഘോഷിച്ചു

വൈക്കം: വൈക്കം ഫൊറോനയിലെ 19 ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ ആഘോഷിച്ചു. തിരുനാളിനോടനുബന്ധിച്ച് ഇടവകകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജപമാല റാലിയിൽ ആയിരക്കണക്കിനു വിശ്വാസികൾ അണിചേർന്നു. തുടർന്ന് വൈകുന്നേരം നാലിന് വൈക്കം വെൽഫെയർ സെന്ററിൽ നടന്ന തിരുനാൾ കുർബാനയിൽ എറണാകുളം - അങ്കമാലി അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. തുടർന്ന് ജപമാല റാലി വെൽഫെയർ സെന്ററിൽ നിന്ന് കച്ചേരി കവല, കൊച്ചു കവല, ബസ് സ്റ്റാൻഡ്, ആശുപത്രി റോഡ് വഴി നഗരം ചുറ്റി വെൽഫെയർ സെന്ററിൽ എത്തിച്ചേർന്നു. തിരുനാൾ പരിപാടികൾക്ക് വൈക്കം ഫൊറോന വികാരി ഫാ. ജോസഫ് തെക്കിനേയൻ, ഫാ. വർഗീസ് ചെരപ്പറമ്പിൽ, ഫാ. ബെന്നി പാറേക്കാട്ടിൽ, ഫാ. ഡിസ്റ്റോ കദളിക്കാട്ടിൽ, ജോർജ്ജ് ആവള്ളിൽ, സേവ്യർ പവ്വത്തിൽ, സാജൻ പുത്തൻപുര തുടങ്ങിയവർ നേതൃത്വം നല്കി.
