News
മെത്രാന്മാർക്കു ഹൃദ്യമായ യാത്രയയപ്പ്
കൊച്ചി: ഇടയശുശ്രൂഷയിലൂടെ പഠിപ്പിക്കുകയും നയിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്ത ബിഷപ്പുമാർക്ക് കൃതജ്ഞതയും സ്നേഹവും നിറഞ്ഞ ദേവാലയാന്തരീക്ഷത്തിൽ ഹൃദ്യമായ യാത്രയയപ്പ്. എറണാകുളം - അങ്കമാലി അതിരൂപതയിൽ സേവനം ചെയ്ത ബിഷപ്പുമാരായ മാർ ജേക്കബ് മനത്തോടത്ത്, മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ എന്നിവർക്കാണ് യാത്രയയപ്പ് നല്കിയത്.
എറണാകുളം സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്നലെ നടന്ന കൃതജ്ഞതാബലിയിലും യാത്രയയപ്പ് സമ്മേളനത്തിലും നിരവധിപേർ പങ്കെടുത്തു.
കൃതജ്ഞതാബലിക്കായി പ്രദക്ഷിണമായാണ് മുഖ്യകാർമ്മികൻ ബിഷപ്പ് മാർ ജേക്കബ് മനത്തോടത്തും സഹകാർമ്മികരും അൾത്താരയിലേക്കെത്തിയത്. ബിഷപ്പുമാരും മറ്റു പ്രതിനിധികളും തിരി തെളിച്ചു. അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ വചനസന്ദേശം നല്കി.
ബിഷപ്പുമാരായ സെബാസ്റ്റ്യൻ എടയന്ത്രത്ത്, മാർ ജോസ് പുത്തൻവീട്ടിൽ, മാർ തോമസ് ചക്യത്ത്, വികാരി ജനറാൾ റവ.ഡോ. ജോസ് പുതിയേടത്ത്, മോൺസിഞ്ഞോർമാരായ വർഗീസ് ഞാളിയത്ത്, റവ.ഡോ. ആന്റണി പുന്നശേരി, റവ.ഡോ. ആന്റണി നരികുളം, റവ.ഡോ. സെബാസ്റ്റ്യൻ വടക്കുംപാടൻ, റവ.ഡോ. ആന്റണി പെരുമായൻ എന്നിവർ സഹകാർമികരായിരുന്നു.
പൊതുസമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ആശംസകൾ നേർന്നു. മേജർ ആർച്ച്ബിഷപ്പും മെത്രാപ്പോലീത്തൻ വികാരിയും ചേർന്ന് മൂന്നു ബിഷപ്പുമാർക്കും ഉപഹാരങ്ങൾ സമർപ്പിച്ചു.
ബിഷപ്പ് മാർ തോമസ് ചക്യത്ത്, മോൺ. വർഗീസ് ഞാളിയത്ത്, എസ്എബിഎസ് പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ, പാസ്റ്റൽ കൗൺസിൽ ജോയിന്റ് സെക്രട്ടറി മിനി പോൾ, ബസിലിക്ക വികാരി ഫാ. ഡേവിസ് മാടവന, അതിരൂപത വൈസ് ചാൻസലർ റവ.ഡോ. ബിജു പെരുമായൻ എന്നിവർ പ്രസംഗിച്ചു. മേജർ ആർച്ച്ബിഷപ്സ് ഹൗസിലെ ജീവനക്കാർ ആശംസാഗാനം ആലപിച്ചു.
അതിരൂപതയിലെ വൈദികർ, പാസ്റ്ററൽ കൗൺസിൽ അംഗങ്ങൾ, കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, സൺഡേ സ്കൂൾ പ്രധാനാധ്യാപകർ, സന്യസ്ത സമൂഹങ്ങളിലെ സുപ്പീരിയർമാർ, സംഘടനകളുടെ അതിരൂപത പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു. സ്നേഹവിരുന്നും ഉണ്ടായിരുന്നു.
2018 ജൂൺ 23 മുതൽ 2019 ജൂൺ 27 വരെ അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്ത മാർ ജേക്കബ് മനത്തോടത്ത്, പാലക്കാട് രൂപത മെത്രാനായി ശുശ്രൂഷ തുടരുകയാണ്. 17 വർഷം അതിരൂപതയിൽ സഹായമെത്രാനായി സേവനം ചെയ്ത ശേഷമാണ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് മാണ്ഡ്യ രൂപത മെത്രാനായി ചുമതലയേറ്റത്.
2002 മുതൽ 2019 വരെ എറണാകുളത്ത് സേവനം ചെയ്ത ഇദ്ദേഹം കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് മാണ്ഡ്യ മെത്രാനായി ചുമതലയേറ്റത്. അതിരൂപതയുടെ സഹായമെത്രാനായി 2013 മുതൽ 2019 വരെ ബിഷപ്പ് മാർ ജോസ് പുത്തൻവീട്ടിൽ ശുശ്രൂഷ ചെയ്തു. ഫരീദാബാദ് രൂപതയുടെ പ്രഥമ സഹായമെത്രാനായി ഇദ്ദേഹം പത്തിനു ചുമതലയേൽക്കും.
Source: Deepika, 2019 November 08.