News
ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ ഇരട്ടകളുടെ സംഗമം
കൊച്ചി: വിശ്വാസത്തിന്റെ സാക്ഷ്യമാണ് ഈ കാലഘട്ടത്തിന്റെ ആവശ്യമെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി മാർ ആന്റണി കരിയിൽ.
വിശ്വാസത്തിന് ഉചിതമായ പ്രത്യുത്തരം നല്കിയവരാണ് പഴയനിയമത്തിലെ വിശ്വാസത്തിന്റെ പിതാവായ അബ്രാഹം മുതൽ ഈ കാലഘട്ടത്തിന്റെ മക്കളായ നമ്മൾ ഓരോരുത്തരുമെന്ന് അദ്ദേഹം പറഞ്ഞു.
വിശുദ്ധ ഗർവാസീസ്, വിശുദ്ധ പ്രോത്താസീസ് എന്നീ ഇരട്ട സഹോദര വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് ഉദയംപേരൂർ സൂനഹദോസ് പള്ളിയിൽ നടന്ന ഇരട്ടസംഗമത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 72 ജോഡി ഇരട്ടകൾ ജാതി, മത, പ്രായഭേദമന്യെ സംഗമത്തിൽ പങ്കെടുത്തു.
ഇരട്ടകൾക്ക് മെമന്റോയും മറ്റ് സമ്മാനങ്ങളും ബിഷപ്പ് വിതരണം ചെയ്തു. ഫാ. റെജി മനയ്ക്കപ്പറമ്പിൽ, ഫാ. റോജി മനയ്ക്കപ്പറമ്പിൽ എന്നിവർ ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയിൽ സഹകാർമികരായിരുന്നു. ഇടവക വികാരി ഫാ. ജോർജ് മാണിക്കത്താൻ, കൈക്കാരന്മാർ എന്നിവരും പങ്കെടുത്തു.