News

വിശുദ്ധപദ പ്രഖ്യാപന കൃതജ്ഞതാബലിയർപ്പിച്ച് അതിരൂപത

അങ്കമാലി: എറണാകുളം - അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധപദ പ്രഖ്യാപന കൃതജ്ഞതാബലി തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളിയിൽ നടന്നു. എസ്ഡി കോൺവെന്റിൽ നിന്നു തിരുശേഷിപ്പ് പ്രയാണം ജംഗ്ഷൻ ചുറ്റി പള്ളിയങ്കണത്തിൽ സമാപിച്ചു.

കൃതജ്ഞതാബലിക്ക് അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ മുഖ്യകാർമ്മികത്വം വഹിച്ചു. നൂറ് വൈദികർ സഹകാർമ്മികത്വം വഹിച്ചു. മറിയം ത്രേസ്യായുടെ തിരുശേഷിപ്പ് പ്രതിഷ്ഠയും നടന്നു.

സിസ്റ്റർ ലീന തെരേസ് എഴുതിയ “വിശുദ്ധ മറിയം ത്രേസ്യ കുടുംബങ്ങളുടെ മധ്യസ്ഥ” എന്ന പുസ്തകം സിസ്റ്റർ എൽസി സേവ്യർ മാർ ആന്റണി കരിയിലിന് നല്കി പ്രകാശനം ചെയ്തു. ലഘുജീവചരിത്രവും ജപമാലയും വിശ്വാസികൾക്ക് വിതരണം ചെയ്തു. ജീവിതചരിത്രം ഉൾപ്പെടുത്തിയുള്ള ലഘുനാടകവുമുണ്ടായിരുന്നു. വിശുദ്ധയുടെ അമ്മ വീട് തുറവൂരിലായതുകൊണ്ടാണ് കൃതജ്ഞതാബലി തുറവൂരിൽ സംഘടിപ്പിച്ചത്.

അതിരൂപതയിലെ ഫൊറോന തലത്തിലുള്ള തിരുശേഷിപ്പ് പ്രയാണ സമാപനമായിരുന്നു തുറവൂരിൽ. വിവിധ സന്യാസസമൂഹങ്ങളിൽ നിന്നും അതിരൂപതയുടെ വിവിധ ഇടവകകളിൽ നിന്നും അയ്യായിരത്തോളം പേർ പങ്കെടുത്തു.

ഹോളി ഫാമിലി കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഉദയ സിഎച്ച്എഫ്, മോൺ. ആന്റണി പുന്നശ്ശേരി, ഫാ. ജോസ് പുതിയേടത്ത്, പാസ്റ്റർ കൗൺസിൽ സെക്രട്ടറി ജെറാൾഡ്, സെന്റ് അഗസ്റ്റിൻസ് പള്ളി വികാരി ഫാ. ജോസഫ് കൊടിയൻ, ജോസ് മംഗലി, വൈസ് ചെയർമാൻ പോളി പാറേക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു.

Source: Deepika, 2019 November 24.