News
വിശ്വാസപരിശീലനത്തിന് കിഡ്കാറ്റ്

കൊച്ചി: വിശ്വാസപരിശീലന രംഗത്ത് നവീനമായ ചുവടുവയ്പാണ് എറണാകുളം - അങ്കമാലി അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം ആവിഷ്കരിച്ച ‘കിഡ്കാറ്റ്’ എന്ന് അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. വിശ്വാസപരിശീലനം കൂടുതൽ ആകർഷകവും, അനുഭവവേദ്യവുമാക്കുന്നതിനുള്ള സംരംഭമായി കിഡ്കാറ്റ് മാറുമെന്നും പുതിയ കാലഘട്ടത്തിൽ വിശ്വാസപരിശീലനം കാര്യക്ഷമമാക്കാനുള്ള ക്രിയാത്മക ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു. കിഡ്കാറ്റിന്റെ ഉദ്ഘാടനം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രസകരമായ ഗെയിമുകളിലൂടെയും, ആക്ടിവിറ്റികളിലൂടെയും വിശ്വാസവും, ബൈബിളും, വിശ്വാസപരിശീനവുമായി ബന്ധപ്പെട്ട ആശയങ്ങളും തിരിച്ചറിവുകളും കുട്ടികളിലേക്കു പകർന്നു നല്കുന്ന പദ്ധതിയാണ് കിഡ്കാറ്റ്. ഇതു ലഭ്യമാകുന്ന www.mykidcat.com എന്ന വെബ്സൈറ്റും ആർച്ച്ബിഷപ്പ് പ്രകാശനം ചെയ്തു.
കിഡ്കാറ്റ് സംരംഭത്തിലെ ആദ്യത്തെ ഗെയിമായ ലിങ്ക് 2-വിന്റെ വിതരണം അതിരൂപത വികാരി ജനറാൾ റവ.ഡോ. ജോസ് പുതിയേടത്തിനു നല്കി ആർച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്തു. ലിങ്ക് 2 ബൈബൾ പഴയനിയമത്തിലെ 21 ചരിത്രപുസ്തകങ്ങളെ പരിചയപ്പെടുത്തുനന കാർഡ് പ്ലേ ഗെയിമാണ്. 56 കാർഡുകളിലായി നല്കിയിട്ടുള്ള ഐക്കണുകൾ ഉപയോഗിച്ചുള്ള ഈ ഗ്രൂപ്പ് ഗെയിമിലൂടെ പ്രധാനപ്പെട്ട ബൈബിൾ സംഭവങ്ങളും വ്യക്തികളും ആകർഷകമായി മനസിലാക്കാൻ കുട്ടികളെ സഹായിക്കുന്നതാണ്.
വെബ്സൈറ്റിലൂടെ കിഡ്കാറ്റിലെ മറ്റു ഗെയിമുകളും ആക്ടിവിറ്റികളും ഉടൻ ലഭ്യമാക്കുമെന്ന് വിശ്വാസ പരിശീലന കേന്ദ്രം അതിരൂപത ഡയറക്ടറും കിഡ്കാറ്റിന്റെ സ്ഥാപകനുമായ റവ.ഡോ. പീറ്റർ കണ്ണമ്പുഴ അറിയിച്ചു.
വിശ്വാസ പരിശീലന കേന്ദ്രം മുൻ ഡയറക്ടർ റവ.ഡോ. ജോസ് ഇടശേരി, വൈസ് ചാൻസലർ റവ.ഡോ. ബിജു പെരുമായൻ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. ജിയോ മാടപ്പാടൻ, ഫാ. ഡാർവിൻ ഇടശേരി എന്നിവർ പ്രസംഗിച്ചു.
Source : Deepika, 2020-January-15
