News

ആതുര മേഖലയിൽ സിസ്റ്റർ ഡോക്ടർമാരുടെ സേവനം മഹത്തരം: മമ്മൂട്ടി

ആലുവ: രാജ്യത്തെ ആതുരസേവന മേഖലയിൽ സിസ്റ്റർ ഡോക്ടേഴ്സിന്റെ നിസ്വാർത്ഥ സേവനങ്ങൾ മഹത്തരമെന്ന് നടൻ മമ്മൂട്ടി.

രാജഗിരി ആശുപത്രി ഓഡിറ്റോറിയത്തിൽ സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ഓഫ് ഇന്ത്യയുടെ 25-ാമത് ത്രിദിന ദേശീയ സെമിനാർ ആലുവ രാജഗിരി ആശുപത്രിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കന്യാവൃതം സ്വീകരിച്ച ഡോക്ടർമാർ നിരവധി വെല്ലുവിളികൾ നേരിട്ടു നിശ്ചയദാർഢത്ത്യോടെ പിന്നാക്ക മേഖലകളിലും ഗോത്രവിഭാഗങ്ങൾക്കിടയിലും പരിചരണം ഒരുക്കുന്നത് നന്മയുടെ തെളിവാണ്. തങ്ങളെ ഏല്പിച്ച ഉത്തരവാദിത്വങ്ങൾക്കപ്പുറം മറ്റുള്ളവർക്കു പ്രചോദനമായി പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് സിസ്റ്റർ ഡോക്ടേഴ്സ് ഫോറം. അടിസ്ഥാന ആരോഗ്യസൗകര്യങ്ങൾ അപ്രാപ്യമായവർക്ക് ഇവർ പ്രതീക്ഷയുടെ കിരണമാണെന്നും മമ്മൂട്ടി പറഞ്ഞു.

സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ആനുവൽ റിപ്പോർട്ടിന്റെ പ്രകാശനവും മമ്മൂട്ടി നിർവഹിച്ചു. ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. ദൈവസന്നിധിയിൽ നിന്നു വന്നവരെ ദൈവത്തിങ്കലേക്കു മടങ്ങിപ്പോകുന്നതുവരെ പരിപാലിക്കുന്ന പാലമാണ് സിസ്റ്റർ ഡോക്ടേഴ്സെന്ന് അദ്ദേഹം പറഞ്ഞു.

ആർച്ച്ബിഷപ്പ് പ്രകാശ് മല്ലവരപ്പു, മുൻ ചൂഫ് ജസ്റ്റിസ് കുര്യൻ ജോസഫ്, സിസ്റ്റർ ഡോക്ടേഴ്സ് ഫോറം ദേശീയ അധ്യക്ഷ സിസ്റ്റർ ഡോ. ബീന മാധവത്ത്, രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺസൺ വാഴപ്പിള്ളി സിഎംഐ, ചായ് ഡയറക്ടർ ജനറൽ റവ.ഡോ. മാത്യു എബ്രാഹം, ഡോ. ആന്റണി റോബർട്ട് ചാൾസ്, ഫാ. ജൂലിയസ് അറയ്ക്കൽ, റവ. മദർ ആൻ ജോസഫ്, സിസ്റ്റർ അൽഫോൻസ് മേരി എന്നിവരും പങ്കെടുത്തു.

ആതുര സേവന മേഖലയിലെ നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും മൂന്നു ദിവസം നീണ്ടുനിൽക്കുന്ന സെമിനാറിൽ പ്രതിപാദിക്കപ്പെടും.

ഇന്ത്യയിലെ പ്രമുഖ ഡോക്ടർമാർ നേതൃത്വം നല്കുന്ന ചർച്ചാക്ലാസുകളും നടക്കും. ഇരുപത് സംസ്ഥാനങ്ങളിൽ നിന്നായി 200-ൽ പരം ഡോക്ടർമാരായ സിസ്റ്റർമാർ സെമിനാറിൽ പങ്കെടുക്കുന്നു.

രാജഗിരി ആശുപത്രിയും സിസ്റ്റർ ഡോക്ടേഴ്സ് ഫോറവും സംയുക്തമായിട്ടാണ് സെമിനാറിനു നേതൃത്വം നല്കുന്നത്.


Source: Deepika, 2020 January 24.