News
ചിറങ്ങര സെന്റ് അൽഫോൻസ ദേവാലയം ആശീർവദിച്ചു

കൊരട്ടി: തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയിലെ ചിറങ്ങര മുടപ്പുഴ ഭാഗത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ദേവാലയത്തിന്റെ കൂദാശ എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ നിർവഹിച്ചു. ചിറങ്ങര ജംഗ്ഷനിൽ നിന്ന് വികാരി ഫാ. പോൾ ചുള്ളി, അസിസ്റ്റന്റ് വികാരി ഫാ. മാത്യു ഇഞ്ചക്കാട്ടുമണ്ണിൽ, മുൻ അസിസ്റ്റന്റ് വികാരി ഫാ. ജിന്റോ പടയാട്ടിൽ, വൈദികർ, സന്യസ്തർ, കമ്മിറ്റി ഭാരവാഹികൾ, വിശ്വാസികൾ തുടങ്ങിയവർ ആർച്ച്ബിഷപ്പിനെ പള്ളിയിലേക്ക് ആനയിച്ചു.
ആർച്ച്ബിഷപ്പിന്റെ മുഖ്യകാർമ്മികത്വത്തിൽ ആഘോഷമായ കൃതജ്ഞതാബലി നടന്നു. വികാരി ഫാ. പോൾ ചുള്ളി, റവ.ഡോ. ജയിംസ് പെരേപ്പാടൻ, ഫാ. തോമസ് പെരേപ്പാടൻ, ഫാ. സജി പാറേക്കാട്ടിൽ, ഫാ. മാത്യു വാരിക്കാട്ടുപാടം, ഫാ. ജോസ് പെരേപ്പാടൻ എന്നിവർ സഹകാർമികരായി. തുടർന്ന്, വികാരിയുടെ അധ്യക്ഷതയിൽ നടന്ന കൃതജ്ഞതായോഗം ആർച്ച്ബിഷപ്പ് ഉദ്ഘാടനം ചെയ്തു. തിരുമുടിക്കുന്ന് പള്ളിയുടെ കുരിശുപള്ളിയാണെങ്കിലും തുടർ ദിവസങ്ങളിൽ എല്ലാ ദിവസവും ദിവ്യബലി ഉണ്ടായിരിക്കുമെന്ന് ആർച്ച്ബിഷപ്പ് പ്രഖ്യാപിച്ചു.
അതിരൂപത വികാരി ജനറാൾ ജോസ് പുതിയേടത്ത്, ഫാ. ജോൺ തോട്ടുപുറം, റവ.ഡോ. ജെയിംസ് പെരേപ്പാടൻ എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ജോയ് പൗലോസ് പെരേപ്പാടൻ സ്വാഗതവും ഫൈനാൻസ് കൺവീനർ ജോസ് വെണ്ണൂക്കാരൻ നന്ദിയും പറഞ്ഞു. പൊതുയോഗത്തിനുശേഷം കെസിവൈഎം സംഘടിപ്പിച്ച സമ്മാന കൂപ്പൺ നറുക്കെടുപ്പും തുടർന്ന് സ്നേഹവിരുന്നും ഉണ്ടായി.
Source: Deepika, 2020 January 27
