News
അധ്യാപകർ സമൂഹത്തോടുള്ള പ്രതിബദ്ധത വിസ്മരിക്കരുത്: മാർ ആന്റണി കരിയിൽ
കൊച്ചി: സമൂഹത്തോടുള്ള പ്രതിബദ്ധത അധ്യാപക സമൂഹം വിസ്മരിക്കരുതെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഓർമ്മിപ്പിച്ചു. അതിരൂപത കോർപറേറ്റ് എഡ്യുക്കേഷൻ മാനേജ്മെന്റിലെ അധ്യാപകരുടെ സംഗമം (ഫെമിലീയ 2020) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലമുറകൾക്കു വഴികാട്ടികളാകുന്നവരാണ് അധ്യാപകർ. ആത്മാർത്ഥമായി പാഠ്യവിഷയങ്ങൾ പഠിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളിൽ മൂല്യബോധവും വ്യക്തിത്വ വളർച്ചയ്ക്കാവശ്യമായ ഇടപെടലുകളും നടത്താൻ അധ്യാപകർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും മാർ കരിയിൽ പറഞ്ഞു.
കലൂർ റിന്യൂവൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ കോർപറേറ്റ് മാനേജർ റവ.ഡോ. പോൾ ചിറ്റിനപ്പിള്ളി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ മികവു തെളിയിച്ച അധ്യാപകരെയും വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു.
മികച്ച അധ്യാപക, അനധ്യാപകർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഫാ. ആന്റണി ഇരവിമംഗലം, ഫാ. പോൾ ചുള്ളി, ഫാ. സിജോ കിരിയാന്തൻ, ബാബു സിറിയക്, മറിയാമ്മ ഐസക് എന്നിവർ പ്രസംഗിച്ചു.
Source: Deepika, 2020 February 07