News

മോൺ. ജോസഫ് കണ്ടത്തിൽ ഇനി ദൈവദാസൻ

ചേർത്തല: എറണാകുളം - അങ്കമാലി അതിരൂപതാ വൈദികനും അമലോത്ഭവ മാതാവിന്റെ അസീസി സഹോദരികൾ (എഎസ്എംഐ) എന്ന സന്യാസിനി സഭയുടെയും ഗ്രീൻ ഗാർഡൻസ് സ്ഥാപനങ്ങളുടെയും സ്ഥാപകൻ മോൺ. ജോസഫ് കണ്ടത്തിൽ ഇനി ദൈവദാസൻ.

നാമകരണ നടപടിക്കു തുടക്കം കുറിക്കുന്ന ദൈവദാസ പദവിയുടെ പ്രഖ്യാപനം ചേർത്തല മതിലകം ഗ്രീൻഗാർഡൻസിൽ നടന്നു. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി, എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ, ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ്പ് ഡോ. സ്റ്റീഫൻ അത്തിപ്പൊഴിയിൽ എന്നിവർ ഗ്രീൻഗാർഡൻസിലെ കണ്ടത്തിലച്ചന്റെ കല്ലറയിൽ പുഷ്പചക്രം സമർപ്പിച്ചു.

തുടർന്ന് പ്രാർത്ഥനാ ഹാളിൽ നടന്ന ചടങ്ങിൽ നാമകരണ നടപടിക്കു തുടക്കം കുറിച്ച് കർദ്ദിനാൾ ദീപം തെളിച്ചു.

വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ കാര്യാലയം നല്കിയ അനുമതിപത്രം എറണാകുളം - അങ്കമാലി അതിരൂപത ചാൻസലർ റവ.ഡോ. ജോസ് പൊള്ളയിൽ വായിച്ചു. നാമകരണത്തിനായുള്ള അതിരൂപതാതല അന്വേഷണത്തിനായി ആർച്ച്ബിഷപ്പ് രൂപവത്കരിക്കുന്ന പ്രത്യേക ട്രൈബ്യൂണലിലെ അംഗങ്ങളിൽ എപ്പിസ്കോപ്പൽ പ്രതിനിധിയായി ഫാ. വർഗീസ് പൊട്ടയ്ക്കൽ, പ്രമോട്ടർ ഓഫ് ജസ്റ്റീസ് ആയി ഫാ. ആന്റണി വാഴക്കാല, നോട്ടറിമാരായി സിസ്റ്റർ നൈസി എംഎസ്‌ജെ, സിസ്റ്റർ റോഷി തെരേസ് എഫ്സിസി എന്നിവരും പോസ്റ്റുലേറ്റർ സിസ്റ്റർ സെബസ്റ്റീനാ മേരിയും ഹിസ്റ്റോറിക്കൽ കമ്മീഷനിലെ അംഗങ്ങളായി ഫാ. ഫ്രാൻസിസ് തോണിപ്പാറ സിഎംഐ, സിസ്റ്റർ അലക്സ് ഫ്രാൻസിസ് എന്നിവരും കോപ്പിസ്റ്റ് ആയി സിസ്റ്റർ മെൽബി ഫ്രാൻസിസും സത്യപ്രതിജ്ഞ ചെയ്തു.

മരുത്തോർവട്ടം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലാണ് നാമകരണ നടപടികളുടെ അന്വേഷണ കാര്യാലയം പ്രവർത്തിക്കുക. ജീവിതം മുഴുവൻ അപരനുവേണ്ടി എരിഞ്ഞു തീർന്ന സന്യാസവര്യനാണ് അദ്ദേഹമെന്നും സ്വയം ശൂന്യവത്കരണത്തിലൂടെ സുവിശേഷവത്കരണം സാധ്യമാക്കിയ പുണ്യാത്മാവാണ് മോൺ. ജോസഫ് കണ്ടത്തിലെന്ന് അനുഗ്രഹപ്രഭാഷണം നടത്തിയ മാർ ആലഞ്ചേരി പറഞ്ഞു.

പാർശ്വവത്കരിക്കപ്പെട്ടവരിലേക്ക് ഇറങ്ങിച്ചെന്ന വൈദികശ്രേഷ്ഠനായിരുന്നു മോൺ. ജോസഫ് കണ്ടത്തിലെന്ന് മുഖ്യപ്രഭാഷണം നടത്തിയ മാർ ആന്റണി കരിയിൽ പറഞ്ഞു. ചേർത്തലയുടെ ഭാഗ്യമാണ് മോൺ. ജോസഫ് കണ്ടത്തിലെന്നും അദ്ദേഹത്തെ നേരിൽ കാണാനുള്ള ഭാഗ്യം തനിക്കുണ്ടായെന്നും ആലപ്പുഴ ബിഷപ്പ് ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ പറഞ്ഞു. മദർ ജനറൽ സിസ്റ്റർ സെലസ്റ്റിൻ ഫ്രാൻസിസ് സ്വാഗതവും സിസ്റ്റർ സെബസ്റ്റീനാ മേരി നന്ദിയും പറഞ്ഞു. മോൺ. ജോസഫ് കണ്ടത്തലിന്റെ ജീവിതവും ദർശനങ്ങളും അടിസ്ഥാനമാക്കി രചിച്ച ഡോക്യുമെന്ററിയുടെ പ്രദർശനവും രംഗപൂജയും ഉണ്ടായിരുന്നു. ചേർത്തല മുട്ടം ഫൊറോന വികാരി ഫാ. പോൾ വി. മാടൻ, മരുത്തോർവട്ടം പള്ളി വികാരി ഫാ. കുര്യൻ ഭരണികുളങ്ങര, വിവിധ സന്യാസ സമൂഹങ്ങളുടെ ജനറാൾമാർ, പ്രൊവിൻഷ്യാൾമാർ, വൈദികർ, സമർപ്പിതർ ഉൾപ്പെടെ നിരവധി പേർ ചടങ്ങുകളിൽ പങ്കെടുത്തു.

1904-ൽ വൈക്കത്തു ജനിച്ച ഫാ. ജോസഫ് കണ്ടത്തിൽ അച്ചൻ കുഷ്ഠരോഗികളുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞാണ് 1942-ൽ കുഷ്ഠരോഗാശുപത്രി തുടങ്ങിയത്. 1949-ൽ എഎസ്എംഐ സന്യാസിനി സമൂഹത്തിനും തുടക്കമിട്ടു. 2019 ഒക്ടോബറിലാണ് കണ്ടത്തിലച്ചനെ ദൈവദാസനായി പ്രഖ്യാപിച്ചു വത്തിക്കാനിൽ നിന്നു അനുമതിപത്രം ലഭിക്കുന്നത്.


Source: Deepika, 2020 February 07