News
പിഡിഡിപി സംസ്ഥാന ക്ഷീരകർഷക അവാർഡുകൾ വിതരണം ചെയ്തു
കാലടി: പൂർണതയും അപൂർണതയും മനസിലാക്കി ഒരു കുടുംബമായി മുന്നോട്ടു പോകുന്നതാണ് പിഡിഡിപിയുടെ വലിയ വളർച്ചയുടെ അടിസ്ഥാനമെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ. ക്ഷീരകർഷകർക്ക് താങ്ങായി നിൽക്കുന്ന പിഡിഡിപിയുടെ പ്രവർത്തനം പ്രശംസനീയമാണമെന്നും അദ്ദേഹം പറഞ്ഞു.
പിഡിഡിപി സ്ഥാപക ചെയർമാൻ ഫാ. ജോസഫ് മുട്ടുമനയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സംസ്ഥാന ക്ഷീരകർഷക അവാർഡുകളുടെ വിതരണവും പിഡിഡിപി ദിനാഘോഷവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മാർ കരിയിൽ.
ക്ഷീരകർഷക അവാർഡുകളുടെ വിതരണം റോജി എം. ജോൺ എംഎൽഎ നിർവഹിച്ചു.
വയനാട് പുൽപ്പളളി തൂദാനം കോളനി തേക്കാനത്ത് ബിനോയി, കോഴിക്കോട് കൂരാചുണ്ട് ചെറുക്കാട്ട് കരിമ്പനക്കുഴിയിൽ കീർത്തി റാണി, എറണാകുളം ഉദയംപേരൂർ കണ്ടനാട് കളപ്പുരയ്ക്കൽ ബിജു ജോർജ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും അവാർഡ് ജേതാക്കൾ.
ഇവർക്ക് യഥാക്രമം 50000, 30000, 20000 രൂപ വീതം കാഷ് അവാർഡും പ്രശസ്തി ഫലകവും സർട്ടിഫിക്കറ്റും നല്കി. പിഡിഡിപി ചെയർമാൻ ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ ആമുഖപ്രഭാഷണം നടത്തി. സെക്രട്ടറി ബാബു വെളിയത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. അവാർഡ് നിർണാവലോകനം വൈസ് ചെയർമാൻ ഫാ. അരുൺ വലിയവീട്ടിൽ നടത്തി.
മികച്ച ഏജൻസികൾക്കുള്ള പുരസ്കാരം അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി. പോളും വിദ്യാഭ്യാസ കാഷ് അവാർഡ് ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോയും വിതരണം ചെയ്തു.
അങ്കമാലി സെന്റ് ജോർജ്ജ് ബസിലിക്ക റെക്ടർ റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം റെന്നി ജോസ്, ഗ്രാമപഞ്ചായത്തംഗം മെർളി ആന്റണി, സീനിയർ മാനേജർ പോൾ തോമസ്, ട്രഷറർ ജോസ്റ്റൻ റാഫേൽ എന്നിവർ പ്രസംഗിച്ചു.
Source: Deepika, 2020 February 23