News
സ്ത്രീകൾക്കു സമൂഹം അർഹിക്കുന്ന പരിഗണന നല്കണം: മാർ കരിയിൽ
കൊച്ചി: സ്ത്രീകൾക്ക് അർഹിക്കുന്ന ബഹുമാനവും പരിഗണനയും സമൂഹത്തിൽ ലഭിക്കേണ്ടത് ആവശ്യമാണെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അഭിപ്രായപ്പെട്ടു. അതിരൂപതയുടെ സാമൂഹ്യപ്രവർത്തന വിഭാഗമായ സഹൃദയയുടെ വനിതാ ദിനാഘോഷങ്ങളിൽ അധ്യക്ഷത വഹിച്ചു സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
സഹൃദയ വനിതാ സ്വയം സഹായ സംഘങ്ങളുടെ നേതൃത്വത്തിൽ പാലക്കാട് പ്രളയബാധിത കുടുംബത്തിനു നിർമിച്ചു നല്കിയ വീടിന്റെ താക്കോൽ ദാനവും സഹൃദയ വിഷൻ യു ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മാർ കരിയിൽ നിർവഹിച്ചു. പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം ടി.ജെ. വിനോട് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വേദനിക്കുന്ന സഹോദരങ്ങൾക്കായി ഉള്ളതു പങ്കുവയ്ക്കാനുള്ള വനിതകളുടെ നന്മമനസും സാമൂഹ്യപ്രതിബദ്ധതയുമാണ് പ്രളയബാധിതർക്കായി ഭവനം നിർമിച്ചു നല്കിയതിലൂടെ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആനിമേറ്റർ വെൽഫെയർ ഫണ്ടിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
മേയർ സൗമിനി ജെയിൻ വനിതാദിന സന്ദേശം നല്കി. സ്ത്രീ ശാക്തീകരണത്തിലൂടെ കുടുംബങ്ങളെയും സമൂഹത്തെയും ഉണർത്തുന്നതിനുള്ള സഹൃദയയുടെ ശ്രമങ്ങൾ മാതൃകാപരമാണെന്നു മേയർ ചൂണ്ടിക്കാട്ടി. സഹൃദയ നടപ്പാക്കുന്ന ആശ്വാസ് മെഡിക്കൽ ഇൻഷ്വറൻസ് പദ്ധതിയുടെ രേഖകൾ സ്റ്റാർ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനി വൈസ് പ്രസിഡന്റ് ആർ.എസ്. സുരേഷ് സഹൃദയ ഡയറക്ടർ ഫാ. പോൾ ചെറുപിള്ളിക്കു കൈമാറി.
പരീക്ഷകളിൽ ഉയർന്ന വിജയം നേടിയ സംഘാംഗങ്ങളുടെ മക്കൾക്കുള്ള അവാർഡ് വിതരണം ആരാധനാസന്യാസിനി സമൂഹത്തിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആൻസി മാപ്പിളപ്പറമ്പിൽ നിർവഹിച്ചു.
സഹൃദയ അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജോസഫ് കൊളുത്തുവള്ളിൽ, ഫാ. പീറ്റർ തിരുതനത്തിൽ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, മോളി ജോൺ, ഷൈജി സുരേഷ് എന്നിവർ പ്രസംഗിച്ചു.
അതിരൂപതയിലെ ഓരോ ഗ്രാമങ്ങളിലും സഹൃദയ സ്വയം സഹായസംഘങ്ങളുടെയും മറ്റു വനിതാ സംഘടനകളുടെയും നേതൃത്വത്തിൽ വനിതാ ദിനാഘോഷങ്ങൾ സംഘടിപ്പിക്കുമെന്നു ഡയറക്ടർ ഫാ. പോൾ ചെറുപിള്ളി അറിയിച്ചു.
Source: Deepika, 2020 February 29