News
ക്രൈസ്റ്റ് കോളേജിൽ യാത്രയയപ്പ് സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: സർവീസിൽ നിന്നും വിരമിക്കുന്ന കോളേജ് പ്രിൻസിപ്പിൽ ഉൾപ്പെടെ എട്ട് അധ്യാപകർക്കും രണ്ട് അനധ്യാപകർക്കും കോളേജ് ഓഡിറ്റോറിയത്തിൽ യാത്രയയപ്പു നല്കി. ഡോ. മാത്യു പോൾ ഊക്കൻ (പ്രിൻസിപ്പൽ), പ്രഫ. പി.ആർ. ബോസ് (വൈസ് പ്രിൻസിപ്പൽ ആൻഡ് ഇക്കണോമിക്സ് വിഭാഗം മേധാവി), പ്രഫ. സത്യൻ ജോസഫ് കോളേങ്ങാടൻ (ഇംഗ്ലീഷ് വിഭാഗം മേധാവി), ഡോ. സെബാസ്റ്റ്യൻ ജോസഫ് (മലയാള വിഭാഗം മേധാവി), ഡോ. വി.പി. ജോസഫ് (ഡീൻ ഓഫ് സയൻസ്, ഫിസിക്സ് വിഭാഗം മേധാവി), ഡോ. കെ. പയസ് ജോസഫ് (ഫിസിക്സ് വിഭാഗം), ഡോ. ടി. വിവേകാനന്ദൻ (ഡീൻ ഓഫ് ആർട്സ് ആൻഡ് കൊമേഴ്സ്, ബിപിഎഡ് വിഭാഗം), ഡോ. കെ.എം. ജയകൃഷ്ണൻ (ഹിന്ദി വിഭാഗം മേധാവി) എന്നീ അധ്യാപകരും അനധ്യാപകരായ ജെ.ജെ. ജോസ്, കെ.പി. വർഗീസ് എന്നിവരാണ് സർവീസിൽ നിന്നും വിരമിച്ചത്.
കോളേജ് മാനേജർ ഫാ. ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സിഎംഐ അധ്യക്ഷത വഹിച്ചു. യോഗത്തിൽ എറണാകുളം - അങ്കമാലി അതിരൂപത ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ മുഖ്യാതിഥിയായിരുന്നു.
തൃശൂർ ദേവമാതാ പ്രൊവിൻഷ്യൽ ഫാ. വാൾട്ടർ തേലപ്പിള്ളി സിഎംഐ അനുഗ്രഹപ്രഭാഷണവും കാലിക്കട്ട് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. സി.എൽ. ജോഷി മുഖ്യപ്രഭാഷണവും നടത്തി.
ഇരിങ്ങാലക്കുട കെഎസ്ഇ ലിമിറ്റഡിന്റെ സഹകരണത്തോടെ കോളേജിൽ പുതിയതായി നിർമിച്ച ഇൻഡോർ വോളിബോൾ കോർട്ടിന്റെ ഉദ്ഘാടനവും പിടിഎയുടെ സഹകരണത്തിൽ നിർമിച്ച പുതിയ ഓഡിയോ വിഷ്വൽ ലൈബ്രറിയുടെ ഉദ്ഘാടനവും തദവസരത്തിൽ നടത്തി.
Source: Deepika, 2020 March 04