News
ലക്ഷം മാസ്കുകളും സാനിറ്റൈസറും സൗജന്യമായെത്തിച്ചു സഹൃദയ
കൊച്ചി: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സഹൃദയയുടെ നേതൃത്വത്തിൽ ലക്ഷം മാസ്കുകളുടെയും ഹാൻഡ് സാനിറ്റൈസറുകളുടെയും സൗജന്യ വിതരണം തുടങ്ങി. എറണാകുളം മേജർ ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന ചടങ്ങിൽ മേയർ സൗമിനി ജെയിനു മാസ്കുകളും സാനിറ്റൈസറുകളും കൈമാറി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം നിർവഹിച്ചു. കോവിഡ് 19 ഉൾപ്പെടെ സമൂഹത്തിലെ വിവിധ പ്രതിസന്ധിഘട്ടങ്ങളിൽ സഹൃദയയുടെ ക്രിയാത്മക ഇടപെടലുകൾ മാതൃകാപരമാണെന്നു മേയർ പറഞ്ഞു. സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പിന്റെ നിർദേശപ്രകാരം സഹൃദയ തയ്യാറാക്കിയ കോവിഡ് പ്രതിരോധ പോസ്റ്ററുകളുടെയും ലഘുലേഖകളുടെയും പ്രകാശനവും ചടങ്ങളിൽ നടന്നു.
വികാരി ജനറാൾ റവ.ഡോ. ഹോർമിസ് മൈനാട്ടി, ചാൻസലർ റവ.ഡോ. ബിജു പെരുമായൻ, പ്രൊക്യുറേറ്റർ ഫാ. സെബാസ്റ്റ്യൻ മാണിക്കത്താൻ, ഐക്കോ ഡയറക്ടർ ഫാ. സേവ്യർ തേലക്കാട്ട്, പാസ്റ്ററൽ കോ ഓർഡിനേറ്റർ ഫാ. ജോസ് മണ്ടാനത്ത്, വൈസ് ചാൻസലർ ഫാ. ജസ്റ്റിൻ കൈപ്രംപാടൻ, നടനും സഹൃദയ ഡയറക്ടർ ബോർഡ് അംഗവുമായ സിജോയ് വർഗീസ്, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. പീറ്റർ തിരുതനത്തിൽ, ഫാ. ജിനോ ഭരണികുളങ്ങര, ജനറൽ മാനേജർ പി.ജെ. പാപ്പച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.
എറണാകുളം ജനറൽ ആശുപത്രി, പോലീസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിവിധ പൊതുസ്ഥലങ്ങൾ എന്നിവിടങ്ങളിലും ആരോഗ്യ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവർക്കും മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്തു. എറണാകുളം, തൃശൂർ, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മാസ്കുകളും സാനിറ്റൈസറുകളും വിതരണം ചെയ്യുമെന്നു സഹൃദയ ഡയറക്ടർ ഫാ. ജോസഫ് കൊളുത്തുവള്ളിൽ അറിയിച്ചു.