News
ആയിരം വീടുകളില്‍ സഹൃദയ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു

കൊച്ചി: കോവിഡ് വൈറസ് വ്യാപനവും ലോക്ക് ഡൗണും പ്രതിസന്ധിയിലാക്കിയ നിര്‍ധന കുടുംബങ്ങള്‍ക്കു ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്‍കി എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യസേവനവിഭാഗമായ സഹൃദയ. കാരുണ്യസ്പര്‍ശം പദ്ധതിയിലൂടെ ആയിരം കുടുംബങ്ങള്‍ക്കാണ് സഹൃദയ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നത്.
എറണാകുളം, കോട്ടയം, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന അതിരൂപതയില്‍ അര്‍ഹരായ നാനാജാതി മതസ്ഥര്‍ക്കും പ്രയോജനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. 20 ലക്ഷത്തോളം രൂപയുടെ ഭക്ഷ്യവസ്തുക്കളാണ് ഇതിനായി ക്രമീകരിച്ചിട്ടുള്ളത്. ഹബിറ്റാറ്റ് ഇന്ത്യയുടെയും റോയല്‍ എന്‍ഫീല്‍ഡിന്‍റെയും സഹകരണം പദ്ധതിക്കുന്നുണ്ട്.
അരിയും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെയെുള്ള ഇനങ്ങള്‍ പൊന്നുരുന്നിയിലുള്ള സഹൃദയ ആസ്ഥാനത്താണ് സന്നദ്ധപ്രവര്‍ത്തകര്‍ പായ്ക്കറ്റുകളിലാക്കുന്നത്. ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തില്‍ വിവിധ ഇടവകകളും സ്ഥാപനങ്ങളും വഴി ഇവ വിതരണം ചെയ്യുന്നു. ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടുള്ള അഗതിമന്ദിരങ്ങളിലും സഹൃദയയുടെ ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നുണ്ട്.
അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ കഴിഞ്ഞ ദിവസം ഭക്ഷ്യവസ്തുക്കള്‍ പായ്ക്കറ്റുകളിലാക്കുന്ന പൊന്നുരുന്നിയിലെ സഹൃദയ ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. കൊറോണക്കാലത്തുള്‍പ്പെടെ അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതില്‍ സഹൃദയ വലിയ പങ്കുവഹിക്കുന്നതായി മാര്‍ കരിയില്‍ പറഞ്ഞു.
