News
സഹൃദയയുടെ സേവനം മാതൃകാപരം: മന്ത്രി

കൊച്ചി: കോവിഡ് പ്രതിരോധ, ബോധവത്കരണ, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യപ്രവര്‍ത്തന വിഭാഗമായ സഹൃദയയുടെ സേവനം സമൂഹത്തിനാകെ മാതൃകാപരമെന്നു മന്ത്രി വി.എസ്. സുനില്‍ കുമാര്‍. സഹൃദയ നടപ്പാക്കുന്ന കൊറോണ പ്രതിരോധ ജാഗ്രതാ പദ്ധതികളുടെ ഭാഗമായി പാവപ്പെട്ട നിത്യരോഗികള്‍ക്കു മരുന്നുകള്‍ ഭവനങ്ങളിലെത്തിച്ചു നല്‍കുന്ന 'സഹൃദയ ജീവദാന്‍' പദ്ധതിയുടെ ഉദ്ഘാടനം എറണാകുളം മേജര്‍ ആര്‍ച്ച്ബിഷപ്സ് ഹൗസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ അധ്യക്ഷത വഹിച്ചു. അങ്കമാലി സെന്‍റ് ജോര്‍ജ്ജ് ബസിലിക്ക, മുട്ടം സെന്‍റ് മേരീസ് ഫൊറോന, നൈപുണ്യ സ്ഥാപനങ്ങള്‍, കളമശ്ശേരി സോഷ്യല്‍ സര്‍വീസ്, വിവിധ ഇടവകകള്‍ എന്നിവയുടെ സഹകരണത്തോടെ ലിസി ആശുപത്രിയുടെ മേല്‍നോട്ടത്തിലാണ് മരുന്നുകള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കുന്നത്. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ 2500-ഓളം കിടപ്പുരോഗികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.
വികാരി ജനറാള്‍ മോണ്‍. ഹോര്‍മിസ് മൈനാട്ടി, ലിസി ആശുപത്രി ഡയറക്ടര്‍ റവ.ഡോ. പോള്‍ കരേടന്‍, സഹൃദയ ഡയറക്ടര്‍ ഫാ. ജോസഫ് കൊളുത്തുവെള്ളില്‍, ഫാ. ജിനോ ഭരണികുളങ്ങര എന്നിവര്‍ പ്രസംഗിച്ചു.