News

ഓൺലൈൻ മികവോടെ നൈപുണ്യയിൽ അധ്യയനവർഷാരംഭം

കൊരട്ടി: ഓൺലൈൻ ക്ലാസുകൾക്ക് സജ്ജമായ കൊരട്ടി പൊങ്ങം നൈപുണ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലെ അധ്യയന വർഷാരംഭത്തിനും ഓൺലൈൻ മികവ്. എറണാകുളം - അങ്കമാലി അതിരൂപത ആസ്ഥാനത്തുനിന്ന് മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യാപക, മാനേജ്മെന്റ്, വിദ്യാർത്ഥി പ്രതിനിധികളുമായി ഓൺലൈനിലൂടെ മുഖാമുഖം പരിപാടി നടത്തിയാണ് അധ്യയന വർഷത്തിനു തുടക്കമായത്.

കോളേജിനു പുറമേ വിവിധ സ്ഥലങ്ങളിലിരുന്നാണ് അധ്യാപകരും വിദ്യാർത്ഥികളും പരിപാടിയിൽ പങ്കെടുത്തത്. സമഗ്രമായ വിദ്യാഭ്യാസം ഫലപ്രദമായി നല്കുന്നതിൽ നൈപുണ്യ കൈവരിച്ചിട്ടുള്ള നേട്ടം അഭിമാനകരമാണെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു.

അതിരൂപത വികാരി ജനറാൾ റവ.ഡോ. ജോസ് പുതിയേടത്ത്, ഐക്കോ ഡയറക്ടർ ഫാ. സേവ്യർ തേലക്കാട്ട്, കുസാറ്റ് മാനേജ്മെന്റ് വിഭാഗത്തിലെ പ്രഫ. സാം തോമസ്, നൈപുണ്യ എക്സിക്യൂട്ടീവ് ഡയറക്ടറും പ്രിൻസിപ്പലുമായ റവ.ഡോ. പോളച്ചൻ കൈത്തോട്ടുങ്കൽ, അസിസ്റ്റന്റ് ഡയറക്ടർ ഫാ. വർഗീസ് അസിൻ തൈപ്പറമ്പിൽ, പ്രഫ. ബാബു വർഗീസ് എന്നിവർ നേതൃത്വം നല്കി. പരിപാടി പിന്നീട് യുട്യൂബിലൂടെയും സംപ്രേഷണം ചെയ്തു. മികവോടും സമഗ്രതയോടും തയ്യാറാക്കിയ ക്ലാസുകൾ ഓൺലൈനിലൂടെ വരും ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കു ലഭ്യമാക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.