News

പുതുഹൃദയവുമായി ലീന ആശുപത്രി വിട്ടു; അവയവദാനത്തിന് സന്നദ്ധരായി മക്കൾ

കൊച്ചി: അവയവദാനത്തിന്റെ നന്മയിൽ പുതുജീവൻ സ്വന്തമാക്കിയ അമ്മയെ സാക്ഷിയാക്കി മക്കൾ തങ്ങളുടെ അവയവങ്ങൾ ദാനം ചെയ്യാൻ സന്നദ്ധത അറിയിച്ചു. ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്ര്രകിയയ്ക്കു ശേഷം സുഖം പ്രാപിച്ച കോതമംഗലം സ്വദേശിനി ലീനയുടെ മക്കളായ ഷിയോണയും ബേസിലുമാണ് അനേകർക്ക് മാതൃകയും പ്രചോദനവുമാകുന്ന തീരുമാനത്തിലൂടെ അവയവദാന ശൃംഖലയിൽ കണ്ണിചേർന്നത്.


ശസ്ത്ര്രകിയയ്ക്കും വിശ്രമത്തിനും ശേഷം ഇന്നലെ ആശുപത്രി വിട്ട ലീന (49) യ്ക്ക് ആശുപത്രി അധികൃതർ ഒരുക്കിയ ഊഷ്മളമായ യാത്രയയപ്പ് ചടങ്ങിലാണ് അവരുടെ മക്കൾ അവയവദാന സമ്മതപത്രം കൈമാറിയത്. മറ്റൊരു കുടുംബത്തിന്റെ മഹാദാനത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി തങ്ങളുടെ അമ്മയ്ക്കു ലഭിച്ച പുതുജീവനു പകരമായി തങ്ങളുടെ സാധ്യമായ എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ സമ്മതമാണെന്ന് ഇരുവരും പറഞ്ഞു. എംടെക് വിദ്യാർത്ഥിനിയാണ് ഷിയോണ. ബേസിൽ നിയമവിദ്യാർത്ഥിയാണ്. 


ചടങ്ങിൽ വീഡിയോകോൾ വഴി പങ്കെടുത്ത ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ലിസി ആശുപത്രിക്കും ചികിത്സയ്ക്കു നേതൃത്വം നല്കിയ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും ലീനയുടെ മക്കൾക്കും അഭിനന്ദനങ്ങൾ നേർന്നു. എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അനുഗ്രഹപ്രഭാഷണം നടത്തി. അവയവദാനത്തിനു സന്നദ്ധത അറിയിച്ചവർക്കുള്ള ഡോണർ കാർഡ് അദ്ദേഹം ചടങ്ങിൽ നല്കി.


ലീന കേക്ക് മുറിച്ച് സന്തോഷം പങ്കുവച്ചു. കെഎൻഒഎസ് മധ്യമേഖല നോഡൽ ഓഫീസർ ഡോ. ഉഷ സാമുവൽ, ആശുപത്രി ഡയറക്ടർ റവ.ഡോ. പോൾ കരേടൻ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ. ജെറി ഞാളിയത്ത്, ഫാ. ഷാനു മൂഞ്ഞേലി, പോലീസ് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ലാൽജി, ഡോ. റോണി മാത്യു എന്നിവർ പ്രസംഗിച്ചു. 


മേയ് ഒമ്പതിനാണ് ലീന ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്ര്രകിയയ്ക്കു വിധേയയായത്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ മരണം സംഭവിച്ച തിരുവനന്തപുരം ചെമ്പഴന്തി സ്വദേശിനി ലാലി ടീച്ചറുടെ ഹൃദയം സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്ററിലാണ് ലിസിയിൽ എത്തിച്ചത്. ലീനയുടെ ആരോഗ്യനില പൂർണതൃപ്തികരമാണെന്നും നിലവിലെ സാഹചര്യങ്ങളുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ നടത്തി സാധാരണ ജീവിതവുമായി മുന്നോട്ടു പോകാനാകുമെന്നും ഡോ. ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു.