News

ഭക്ഷ്യസുരക്ഷയ്ക്കായി അതിരൂപതയിലെ എല്ലാ ഇടവകകളിലും പച്ചക്കറിത്തോട്ടങ്ങൾ 

കാക്കനാട്: സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം ഭക്ഷ്യസുരക്ഷാ പദ്ധതിയുമായി സഹകരിച്ചുകൊണ്ട് എറണാകുളം അങ്കമാലി അതിരൂപതയിലെ ഇടവകകളിലും സ്ഥാപനങ്ങളിലും കുടുംബങ്ങളിലും കഴിയുന്നത്ര സ്ഥലങ്ങളിൽ പച്ചക്കറിത്തോട്ടങ്ങൾ നിർമിക്കുവാൻ ശ്രമിക്കുമെന്ന് അതിരൂപതാ മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അറിയിച്ചു. അതിരൂപതാ സാമൂഹ്യപ്രവർത്തന വിഭാഗമായ  സഹൃദയ,  സുഭിക്ഷകേരളം ഹരിത സമൃദ്ധി പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന ജാക്ക് ഫ്രൂട്ട് ചലഞ്ചിന്റെയും പരിസ്ഥിതിദിനാചരണത്തിന്റെയും ഉദ്‌ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചക്കപ്പഴത്തിന്റെ മൂല്യവർധിത ഉത്പന്നങ്ങളുടെ നിർമാണം ഭക്ഷ്യസുരക്ഷയ്ക്കും സ്വയം തൊഴിലിനും സാധ്യതയുള്ള മേഖലയാണെന്നും അദ്ദേഹം ഓർമപ്പെടുത്തി. ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിക്കേണ്ട കാലമാണിതെന്ന് തൃക്കാക്കര ഭാരത് മാതാ കോളേജ് അങ്കണത്തിൽ നടത്തിയ പരിസ്ഥിതിദിനാചരണം ഉദ്‌ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി. അഭിപ്രായപ്പെട്ടു. 


പ്രകൃതിയുടേയും പ്രകൃതിദത്ത വിഭവങ്ങളുടെയും  സംരക്ഷണം ആത്മീയതയ്‌ക്കൊപ്പമുള്ള ദൗത്യമായി ഏറ്റെടുത്ത് ജനങ്ങളിലെത്തിക്കാൻ അതിരൂപത നടത്തുന്ന ശ്രമങ്ങളെ  ജാക്ക് ഫ്രൂട്ട് ചലഞ്ച് ഉദ്‌ഘാടനം ചെയ്ത പി. ടി. തോമസ് എം.എൽ.എ   അഭിനന്ദിച്ചു. സൈലൻറ് വാലി പ്രശ്നത്തിൽ മുൻ പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാ  ഗാന്ധി ഇടപെട്ടതുപോലെ പരിസ്ഥിതി സംരക്ഷണകാര്യങ്ങളിൽ  ധീരമായ നടപടികളെടുക്കാൻ  ഭരണ കർത്താക്കൾ തയ്യാറാകണമെന്നും അദ്ദേഹം  പറഞ്ഞു. ഫലവൃക്ഷത്തൈകളുടെ വിതരണോദ്‌ഘാടനം ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ ടി. ദിലീപ് കുമാറും കിച്ചൻ ഗാർഡൻ കിറ്റ് വിതരണോദ്‌ഘാടനം സിനിമാതാരം സിജോയ് വർഗീസും നിർവഹിച്ചു. ഭാരതമാതാ കോളേജ് മാനേജർ ഫാ. അബ്രഹാം ഓലിയപ്പുറം പരിസ്ഥിതിദിന സന്ദേശം നൽകി.സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, ഭാരത് മാതാ  കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി പാലാട്ടി എന്നിവർ സംസാരിച്ചു.


Source: Mathrubhoomi, 2020 June 05