News

ചെല്ലാനത്തിനു സഹൃദയയുടെ കൈത്താങ്ങ്

കൊച്ചി: കടലാക്രമണവും കോവിഡും മൂലം ദുരിതമനുഭവിക്കുന്ന ചെല്ലാനത്തെ ജനങ്ങള്‍ക്കായി എറണാകുളം - അങ്കമാലി അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സഹൃദയയുടെ കൈത്താങ്ങ്. അഞ്ചു ടണ്‍ ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും സഹൃദയ ചെല്ലാനം മേഖലയില്‍ വിതരണം ചെയ്യും. ഭക്ഷ്യവസ്തുക്കളുമായി പുറപ്പെട്ട വാഹനം കൊച്ചി സിറ്റി പോലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ കെ. ലാല്‍ജി പ്ലാഗ് ഓഫ് ചെയ്തു. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍, അസിസ്റ്റന്‍റ് ഡയറക്ടര്‍മാരായ ഫാ. പീറ്റര്‍ തിരുതനത്തില്‍, ഫാ. ജിനോ ഭരണികുളങ്ങര എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും സമാഹരിച്ചും വിതരണം ചെയ്യുന്നത്. വിവിധ ഇടവകകളും സുമനസുകളും ഇതില്‍ പങ്കാളികളായി.

ചെല്ലാനത്തെ ട്രിപ്പിള്‍ ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ പോലീസിന്‍റെയും ആലപ്പുഴ, കൊച്ചി രൂപതകളുടെ സാമൂഹ്യ സേവന വിഭാഗത്തിന്‍റെയും സഹകരണത്തോടെയാണ് ഭക്ഷ്യവസ്തുക്കളും സാമ്പത്തിക സഹായവും ജനങ്ങളുടെ വീടുകളില്‍ എത്തിക്കുന്നത്.