News

സഹൃദയ സമരിറ്റന്‍സില്‍ 2500 സന്നദ്ധപ്രവര്‍ത്തകര്‍

കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും മൃതസംസ്കാരത്തിനുമായി രൂപീകരിച്ച സഹൃദയ സമരിറ്റന്‍സ് ടീമില്‍ സേവനം ചെയ്യാന്‍ നിരവധി സന്നദ്ധ പ്രവര്‍ത്തകരെത്തുന്നു. ടീം രൂപീകരിച്ചു ദിവസങ്ങള്‍ക്കകം 2500 പേരാണ് വോളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തതെന്ന് സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവള്ളില്‍ അറിയിച്ചു.

വൈദികരും സന്നദ്ധപ്രവര്‍ത്തകരായ യുവാക്കളും ഉള്‍പ്പെട്ട ടീം കോവിഡ് പ്രോട്ടാക്കോള്‍ പ്രകാരം മൃതസംസ്കാരത്തിനു ക്രമീകരണമൊരുക്കും. ഇവര്‍ക്ക് കോവിഡുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള പരിശീലനവും നല്‍കുന്നുണ്ട്. ആദ്യഘട്ട പരിശീലനം എറണാകുളം ജില്ലാ ആരോഗ്യ വകുപ്പിന്‍റെ സഹകരണത്തോടെ കഴിഞ്ഞ ദിവസം കലൂര്‍ റിന്യുവല്‍ സെന്‍ററില്‍ നടന്നു.

ഇന്നലെ ആലുവ തായ്ക്കാട്ടുകര സെന്‍റ് പീറ്റര്‍ ആന്‍ഡ് പോള്‍ ഇടവകയില്‍ കഴിഞ്ഞ ദിവസം മരണശേഷം കോവിഡ് സ്ഥിരീകരിച്ചയാളുടെ മൃതസംസ്കാരത്തില്‍ വികാരി ഫാ. ജിമ്മിച്ചന്‍ കക്കാട്ടുച്ചിറ, ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍, ഫാ. പീറ്റര്‍ തിരുതനത്തില്‍ എന്നിവര്‍ക്കൊപ്പം സഹൃദയ സമരിറ്റന്‍സിന്‍റെ വോളണ്ടിയര്‍മാരും സഹായത്തിനെത്തിയിരുന്നു. സന്യാസിനികള്‍ക്കും അന്തേവാസികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച തൃക്കാക്കര കരുണാലയത്തില്‍ ഭക്ഷണവും അനുബന്ധ സഹായങ്ങളും ലഭ്യമാക്കുന്നതിന് സഹൃദയ സമരിറ്റന്‍സ് സന്നദ്ധപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.