News

ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയും പിഒസി ഡയറക്ടറും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെസിബിസി) ഡെപ്യൂട്ടി സെക്രട്ടറി ജനറലും പാലാരിവട്ടം പാസ്റ്ററല്‍ ഓറിയന്‍റേഷന്‍ സെന്‍റര്‍ (പിഒസി) ഡയറക്ടറുമായി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി തെരഞ്ഞെടുത്തു. എറണാകുളം - അങ്കമാലി മേജര്‍ അതിരൂപതാംഗമാണ്. ഇന്നലെ നടന്ന കെസിബിസി വര്‍ഷകാല സമ്മേളനമാണ് പുതിയ നിയമനം നടത്തിയത്. പത്തിനു ചുമതലയേല്‍ക്കും.

ഡെപ്യൂട്ടി സെക്രട്ടറി എന്ന നിലയില്‍ കേരള കത്തോലിക്കാസഭയുടെ ഔദ്യോഗിക വക്താവെന്ന ചുമതലയും ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളിക്കുണ്ടാകും. കെസിബിസി ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന ഫാ. വര്‍ഗീസ് വള്ളിക്കാട്ട് പ്രവര്‍ത്തന കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്നാണ് ഫാ. പാലയ്ക്കാപ്പിള്ളിയെ തെരഞ്ഞെടുത്തത്. മൂന്നു വര്‍ഷത്തേക്കാണ് നിയമനം.

1996 ഫെബ്രുവരി ഏഴിനു പൗരോഹിത്യം സ്വീകരിച്ച ഫാ. പാലയ്ക്കാപ്പിള്ളി കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ സെക്രട്ടറി, സീറോ മലബാര്‍ സഭയുടെ വിമന്‍സ് ഫോറം കോ ഓര്‍ഡിനേറ്റര്‍, കത്തോലിക്കാ കോണ്‍ഗ്രസിന്‍റെയും കാത്തലിക് ടീച്ചേഴേസ് ഗില്‍ഡിന്‍റെയും സംസ്ഥാന ഡയറക്ടര്‍, സീറോ മലബാര്‍ സഭ വിദ്യാഭ്യാസ സിനഡല്‍ കമ്മീഷന്‍ സെക്രട്ടറി, കേരള കാത്തലിക് ഹയര്‍ എഡ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കണ്‍സോര്‍ഷ്യം ചെയര്‍മാന്‍, എറണാകുളം - അങ്കമാലി അതിരൂപത കോര്‍പറേറ്റ് എഡ്യുക്കേഷന്‍ മാനേജര്‍, തൃക്കാക്കര ഭാരതമാതാ കോളേജ് മാനേജര്‍, എഡ്യുക്കേഷന്‍ സ്പോണ്‍സര്‍ഷിപ്പ് പ്രോഗ്രാം എക്സിക്യൂട്ടീവ് ഡയറക്ടര്‍, കല്യാണ്‍ രൂപത കാറ്റെക്കിസം റീജണല്‍ പ്രമോട്ടര്‍, രൂപത ബുള്ളറ്റിന്‍ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനം ചെയ്തിട്ടുണ്ട്. തൃക്കാക്കര ഭാരതമാത കോളേജിനു നാക് എ പ്ലസ് അംഗീകാരം നേടിയെടുക്കാനായത് ഇദ്ദേഹത്തിന്‍റെ നേതൃമികവിലാണ്.

എറണാകുളം - അങ്കമാലി അതിരൂപതയിലെ എഴുപുന്ന, കിഴക്കമ്പലം പള്ളികളില്‍ സഹവികാരിയായും ഇല്ലിത്തോട് പെരിയാര്‍മുഖം, വരാപ്പുഴ, ചേരാനെല്ലൂര്‍ ഇടവകകളിലും കല്യാണ്‍ രൂപതയിലെ വിവിധ പള്ളികളിലും വികാരിയായും സേവനം ചെയ്തു. പൗരോഹിത്യ ജീവിതത്തിന്‍റെ രജതജൂബിലി നിറവിലാണ് പുതിയ നിയോഗം.

കടവന്ത്ര പാലയ്ക്കാപ്പിള്ളി പരേതരായ പി.ഒ. ഔസേഫും ത്രേസ്യാമ്മ ജേക്കബുമാണ് മാതാപിതാക്കള്‍. കടവന്ത്ര സെന്‍റ് ജോസഫ്സ് ഇടവകയില്‍ 1969 ഡിസംബര്‍ ഒമ്പതിനാണ് ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളിയുടെ ജനനം. 1996 ഫെബ്രുവരി ഏഴിനു കര്‍ദിനാള്‍ മാര്‍ ആന്‍റണി പടിയറയില്‍ നിന്നു പൗരോഹിത്യം സ്വീകരിച്ചു.