News
എറണാകുളം-അങ്കമാലി അതിരൂപത ശതോത്തര രജതജൂബിലി ആഘോഷിച്ചു
കൊച്ചി: ദൈവരാജ്യത്തിനു കൂടുതല്‍ ദൃശ്യത നല്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായി നമ്മുടെ കഴിവുകള്‍ പുനമര്പ്പണം ചെയ്യണമെന്ന് എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍. അതിരൂപതയുടെ ശതോത്തര രജതജൂബിലി ആഘോഷങ്ങള്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്കയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കഴിഞ്ഞ ഒന്നേകാല്‍ നൂറ്റാണ്ടുകാലം ദൈവം നല്കിയ ദൈവാനുഗ്രഹങ്ങള്‍ക്കു നന്ദിപറയേണ്ട അവസരമാണിത്. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജൂബിലിയുടെ കര്മപദ്ധതികളേക്കാള് കോവിഡ് പ്രതിരോധത്തിലൂന്നി ഈ പ്രതിസന്ധിയെ നേരിടാനുള്ള യത്നത്തിലാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. സര്‍ക്കാരിന്റെ പ്രയോഗിക നിര്‍ദേശങ്ങള്‍ ഉള്‍ക്കൊണ്ട് എല്ലാവരും ഒന്നിച്ചുനിന്ന് ഈ മഹാവ്യാധിയെ നേരിടാനും സഹായം ആവശ്യമായവര്‍ക്കു സാന്ത്വനമേകാനും പരിശ്രമിക്കണം -മാര്‍ കരിയില്‍ അനുസ്മരിപ്പിച്ചു.
സെന്റ് മേരീസ് ബസലിക്കയില്‍ മാര്‍ ആന്റണി കരിയിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന കൃതജ്ഞതാബലിയോടെയാണ് അതിരൂപതയുടെ ശതോത്തര രജതജൂബിലിയാഘോഷങ്ങള്ക്കു തുടക്കമായത്. ദിവ്യബലിക്കു മുമ്പ് അള്‍ത്താരയിലെ അഭിവന്ദ്യ പിതാക്കന്മാരുടെ കബറിടത്തില്‍ പുഷ്പങ്ങള്‍ സമര്‍പ്പിച്ച് ആര്‍ച്ച്ബിഷപ് പ്രാര്‍ഥന നടത്തി. തുടര്‍ന്നു ജൂബിലിദീപം തെളിച്ചു. ബസലിക്ക വികാരി ഫാ. ഡേവിസ് മാടവന, ഫാ. ഡാര്വിന് ഇടശേരി, ഫാ. ഡേവിസ് പടന്നക്കല്‍, ഫാ. ജേക്കബ് കോറോത്ത്, ഫാ. ജോസഫ് പള്ളാട്ടില്‍, ഫാ. നെല്‍ബിന്‍ മുളവരിക്കല്‍ എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മികരായിരുന്നു. ദിവ്യബലിക്കുശേഷം സീറോ മലബാര്‍ സഭയുടെ ആസ്ഥാനമായ മൗണ്ട് സെന്റ തോമസില്‍നിന്നു മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വീഡിയോയിലൂടെ സന്ദേശം നല്കി. സാമൂഹികക്ഷേമരംഗത്തും ആതുരശുശ്രൂഷാ മേഖലയിലും അതിരൂപത നല്‍കിവരുന്ന നേതൃത്വം വളരെ സവിശേഷമാണെന്നു കര്‍ദിനാള്‍ പറഞ്ഞു. ജൂബിലി വര്‍ഷത്തില്‍ ദൈവം നല്കിയ അനുഗ്രഹങ്ങള്‍ക്കു നന്ദി പറയുമ്പോള്‍ത്തന്നെ നമ്മുടെ ഉത്തരവാദിത്വങ്ങള്‍ കാലഘട്ടത്തിനു അനുയോജ്യമായ രീതിയില്‍ നിര്‍വഹിക്കാനുള്ള അനുഗ്രഹത്തിനായി പ്രാര്‍ഥിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ശതോത്തര രജതജൂബിലിയുടെ ആരംഭമായി അതിരൂപതയിലെ സാധ്യമായ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലികള്‍ നടന്നു. ഭവനങ്ങളില്‍ പ്രത്യേക ജൂബിലി പ്രാര്‍ഥന നടത്തി. കൊറോണ വൈറസിന്റെ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ് ശതോത്തര രജത ജൂബിലിയാചരണങ്ങള് ക്രമീകരിച്ചത്.
Source: Deepika, 2020 July 29