News
ആര്‍ച്ച്ബിഷപ് ചേന്നോത്തിനു കൊച്ചിയുടെ യാത്രാമൊഴി
കൊച്ചി: ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചേന്നോത്തിന് (76) കൊച്ചിയിൽ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ സഭയുടെയും സമൂഹത്തിന്റെയും വിവിധ മേഖലകളില്‍നിന്ന് ആയിരങ്ങളെത്തി. ഇന്നലെ രാവിലെ ഏഴു മുതല്‍ എട്ടുവരെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും തുടര്‍ന്ന് 9.30 വരെ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു പൊതുദര്‍ശനത്തിനു സൗകര്യമൊരുക്കിയിരുന്നു.
ലിസി ആശുപത്രിയില്‍ ഡയറക്ടര്‍ റവ. ഡോ. പോള്‍ കരേടന്റെയും വൈദികരുടെയും നേതൃത്വത്തില്‍ പ്രാര്‍ഥനാശുശ്രൂഷ നടത്തി. കത്തീഡ്രല്‍ ബസിലിക്കയില്‍ എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ് മാര്‍ ആന്റണി കരിയില്‍, വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ബിഷപ്പുമാരായ മാര്‍ തോമസ് ചക്യത്ത്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കല്‍, എംഎല്‍എമാരായ പി.ടി. തോമസ്, റോജി എം. ജോണ്‍, ടി.ജെ. വിനോദ്, മുന്‍ മന്ത്രി ഡൊമിനിക് പ്രസന്റേഷന് തുടങ്ങിയവര്‍ അന്ത്യാഞ്ജലിയര്‍പ്പിക്കാനെത്തി. നൂറുകണക്കിനു വൈദികരും സന്യസ്തരും അല്മായരും എത്തിയിരുന്നു.
Source: Deepika, 2020 September 23