News
മാർ ചേന്നോത്തിനു വിട നല്കി ജന്മനാട്
ചേർത്തല: കാലം ചെയ്ത ജപ്പാനിലെ വത്തിക്കാൻ സ്ഥാനപതി ആർച്ച്ബിഷപ് മാർ ജോസഫ് ചേന്നോത്തിന് ജന്മനാട് വിടചൊല്ലി. മാതൃഇടവകയായ ചേർത്തല കോക്കമംഗലം സെന്റ് തോമസ് പള്ളിയിൽ മദ്ബഹയ്ക്കു സമീപമൊരുക്കിയ കബറിടത്തിൽ മൃതദേഹം സംസ്കരിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ, പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത് എന്നിവരുടെ കാർമികത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ. സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ആദരവും സമർപ്പിച്ചു.
ജപ്പാനിൽനിന്നും തിങ്കളാഴ്ച എത്തിച്ച ഭൗതികശരീരം ഇന്നലെ രാവിലെ എറണാകുളം ലിസി ആശുപത്രി ചാപ്പലിലും എറണാകുളം സെന്റ് മേരീസ് ബസിലിക്കയിലും പൊതുദർശനത്തിനു വച്ചു. അവിടെനിന്നു മൃതദേഹം ആംബുലൻസിൽ ചേർത്തലയിലെ തറവാട്ടു വീട്ടിലെത്തിച്ചപ്പോൾ അന്ത്യാഞ്ജലിയർപ്പിക്കാൻ കോവിഡ് മാനദണ്ഡം പാലിച്ച് നിരവധി നാട്ടുകാർ എത്തിയിരുന്നു. 12.30ഓടെ മാതൃ ഇടവകയായ കോക്കമംഗലം പള്ളിയിൽ മൃതദേഹം എത്തിച്ചു പൊതുദർശനത്തിനായി വച്ചു. ഉച്ചകഴിഞ്ഞു 2.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു.
എറണാകുളംഅങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ് മാർ ആന്റണി കരിയിൽ മുഖ്യകാർമികനായി. പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്ത്, മാർ ചേന്നോത്തിന്റെ ബന്ധു കൂടിയായ ഫാ. സിറിയക് നീരാക്കൽ ഒസിഡി എന്നിവർ സഹകാർമികരായി. മാർ ജേക്കബ് മനത്തോടത്ത് വചനസന്ദേശം നല്കി.സമാപന കർമത്തിന് സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയായിരുന്നു കാർമികൻ. പ്രാർഥനകൾക്കു ശേഷം കർദിനാൾ മാർ ചേന്നോത്തിന്റെ മൃതദേഹത്തിൽ മുടിയണിച്ചു. തുടർന്ന് നഗരികാണിക്കലിനു ശേഷം ദേവാലയത്തിന്റെ മുൻഭാഗത്തു വച്ചാണ് സംസ്ഥാന സർക്കാരിന്റെ ആദരവ് നല്കിയത്.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, കൊല്ലം ബിഷപ് ഡോ. സ്റ്റാൻലി റോമൻ, ആലപ്പുഴ ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറന്പിൽ, മന്ത്രി പി. തിലോത്തമൻ, എ.എം. ആരിഫ് എംപി, മോൻസ് ജോസഫ് എംഎൽഎ, ചേർത്തല മുട്ടം ഫൊറോന വികാരി റവ. ഡോ. പോൾ വി. മാടൻ തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. കഴിഞ്ഞ ഏഴിന് രാത്രി ടോക്കിയോയിലെ മിഷൻ ആശുപത്രിയിലാണ് ആർച്ച്ബിഷപ് ഡോ. ജോസഫ് ചേന്നോത്ത് കാലംചെയ്തത്.
ഫ്രാൻസീസ് മാർപാപ്പയുടെയും പൗരസ്ത്യ തിരുസംഘം അധ്യക്ഷൻ കർദിനാൾ ലെയണാർഡോ സാന്ദ്രിയുടെയും അപ്പസ്തോലിക് നൂണ്ഷ്യോ ആർച്ച്ബിഷപ് ജാംബാത്തിസ്ത ദി ക്വാതോ്രയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെയും അനുശോചന സന്ദേശങ്ങൾ വായിച്ചു. കോക്കമംഗലം സെന്റ് തോമസ് പള്ളി വികാരി ഫാ. തോമസ് പെരേപ്പാടൻ ചടങ്ങുകൾക്കു നേതൃത്വം നല്കി.
Source: Deepika, 2020 September 23