News
പിഡിഡിപിക്കു ബിഐഎസ് ഐഎസ്ഐ അംഗീകാരം
കൊച്ചി: പാല് സംഭരണ, സംസ്കരണ, വിപണന രംഗത്തു ശ്രദ്ധേയമായ പീപ്പിള്സ് ഡയറി ഡെവലപ്മെന്റ് പ്രൊജക്ട് സെന്ട്രല് സൊസൈറ്റിയുടെ (പിഡിഡിപി) പീപ്പിള്സ് ഹാപ്പി പ്രൈം ഫീഡ്സിനു ബ്യൂറോ ഓഫ് ഇന്ത്യന് സ്റ്റാന്ഡേര്ഡ് (ബിഐഎസ്) ഐഎസ്ഐ 2052 : 2009 സര്ട്ടിഫിക്കറ്റു ലഭിച്ചു. പിഡിഡിപിയുടെ സംശുദ്ധമായ നെയ്യ് കേന്ദ്രസര്ക്കാരിന്റെ അഗ്മാര്ക്ക് സര്ട്ടിഫിക്കറ്റിനും അര്ഹമായി.
സര്ട്ടിഫിക്കറ്റുകളുടെ ഔദ്യോഗിക കൈമാറ്റവും പിഡിഡിപിയുടെ പുതിയ ഉത്പന്നങ്ങളായ ഹാപ്പി പ്രൈം ഫീഡ്, ഹാപ്പി പ്രൈം ഗോട്ട് ഫീഡ്, ഹാപ്പി ഹോഗ് ആന്ഡ് സൗ ഫീഡിന്റെയും, സ്റ്റാര്ട്ടറിന്റെയും, ഡയറി ഉത്പന്നമായ പീപ്പിള്സ് ഇന്സ്റ്റന്റ് സ്കിംഡ് മില്ക്ക് പൗഡറിന്റെയും വിപണോദ്ഘാടനവും കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്നു.
സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് കര്ദിനാള് മാര് ജോര്ജ് ആലഞ്ചേരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന് വികാരി ആര്ച്ചുബിഷപ് മാര് ആന്റണി കരിയില് അധ്യക്ഷത വഹിച്ചു.
കൂരിയ ബിഷപ് മാര് സെബാസ്റ്റ്യന് വാണിയപ്പുരയ്ക്കല് അനുഗ്രഹപ്രഭാഷണം നടത്തി. റോജി എം.ജോണ് എംഎല്എ, പിഡിഡിപി ചെയര്മാന് ഫാ. സെബാസ്റ്റ്യന് നാഴിയംപാറ, വൈസ് ചെയര്മാന് ഫാ. അരുണ് വലിയവീട്ടില്, ബോര്ഡ് സെക്രട്ടറി ബാബു വെളിയത്ത്, ട്രഷറര് ജോര്ജ് മൂന്നുപീടിയേക്കല്, കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. ആന്റണി തുടങ്ങിയവര് പ്രസംഗിച്ചു.
Source: Deepika, 2021 January 07