News

സാമൂഹിക വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃക പ്രചോദനം

കൊച്ചി: നഗരത്തിന്റെ വികസനകാര്യങ്ങളിൽ ഏവരെയും വിശ്വാസത്തിലെടുത്തും സഹകരിപ്പിച്ചും മുന്നേറുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് മേയർ എം. അനിൽ കുമാർ പറഞ്ഞു. എറണാകുളം - അങ്കമാലി അതിരൂപത സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയികളായ സഹൃദയ സംഘാംഗങ്ങൾക്കു നല്കിയ സ്വീകരണം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരോഗ്യ, പാരിസ്ഥിതിക, കാർഷിക, ജീവനോപാധി മേഖലകളിൽ സത്വര ശ്രദ്ധ നല്കാൻ പുതിയ പദ്ധതി ഉദ്ദേശിക്കുന്നുണ്ട്. സാമൂഹ്യ വികസന പ്രവർത്തനങ്ങളിൽ സഹൃദയയുടെ മാതൃകകൾ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഹൃദയ സ്വയം സഹായസംഘങ്ങൾക്കുള്ള 3.25 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പയുടെ ചെക്ക് വിതരണവും മേയർ നിർവഹിച്ചു.

പൊന്നുരുന്നി സഹൃദയ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ അധ്യക്ഷത വഹിച്ചു. പദവികൾ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമെന്ന പോലെ സേവനങ്ങൾക്കുള്ള അവസരം കൂടിയാണെന്നതു ജനപ്രതിനിധികൾ ഓർമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സഹൃദയ സംഘാംഗങ്ങളായ 53 ജനപ്രതിനിധികൾക്ക് ഉപഹാരം നല്കിയ ആർച്ച്ബിഷപ്പ് ആദരിച്ചു.

സഹൃദയ കലണ്ടറിന്റെ പ്രകാശനം നടൻ സിജോയ് വർഗീസും സഹൃദയ ഡയറിയുടെ പ്രകാശനം ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗിരിജ പുഷ്കരനും ജീവൻ മധുർ പോളിസി വിതരണ ഉദ്ഘാടനം കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസിസും നിർവഹിച്ചു. സഹൃദയ ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിൽ, അസി. ഡയറക്ടർ ഫാ. ജിനോ ഭരണികുളങ്ങര, സൗത്ത് ഇന്ത്യൻ ബാങ്ക് റീജണൽ ഹെഡ് എസ്.എസ്.ബി.ജി, സഹൃദയ ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര എന്നിവർ പ്രസംഗിച്ചു.


Source: Deepika, 2021 January 19