News

ദമ്പതികൾ നല്കിയ ഭൂമിയിൽ 12 കുടുംബങ്ങൾക്കു വീടൊരുങ്ങും

കൊച്ചി: തോപ്പുംപടി ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂളിന്റെ നേതൃത്വത്തിലുള്ള ഹൗസ് ചലഞ്ച് പദ്ധതിയിലേക്കു ദമ്പതികൾ വിട്ടുനല്കിയ 20 സെന്റ് ഭൂമിയിൽ 12 ഭവനരഹിതർക്കു വീടൊരുങ്ങും. എടയ്ക്കാട്ടുവയൽ കൈപ്പട്ടൂരിലാണ് വീടുകൾ നിർമിക്കുക. കോട്ടയം ദേവലോകം കൊട്ടാരത്തറ ജോസ് തോമസും ഭാര്യ ഡോ. എൽസി ജോസും ചേർന്നുനല്കുന്ന ഭൂമിയുടെ കൈമാറ്റം ഇന്നലെ (13.04.2021) നടന്നു. തൃക്കാക്കര എസ്എച്ച് മൈനർ സെമിനാരിയിൽ നടന്ന ചടങ്ങ് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തൻ വികാരി ആർച്ച്ബിഷപ്പ് മാർ ആന്റണി കരിയിൽ ഉദ്ഘാടനം ചെയ്തു. ഹൗസ് ചലഞ്ച് പദ്ധതിയുടെ സ്ഥാപക സിസ്റ്റർ ലിസി ചക്കാലയ്ക്കലിനാണ് ഭൂമിയുടെ രേഖകൾ കൈമാറിയത്. ഹൈബി ഈഡൻ എംപി മുഖ്യാതിഥിയായിരുന്നു. സെമിനാരി റെക്ടർ റവ.ഡോ. ആന്റണി നരികുളം, സ്കൂൾ മാനേജർ മോളി അലക്സ്, അധ്യാപിക ലില്ലി പോൾ, ലൈഫ് മിഷൻ പദ്ധതിയുടെ ജില്ലാ കോ-ഓർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, വിജിത്ത് ജഗദീഷ്, ജോസഫ് ചാണ്ടി എന്നിവർ പ്രസംഗിച്ചു. Source: Deepika 2021 April 13