News
എറണാകുളം - അങ്കമാലി അതിരൂപതയില്‍ വിശ്വാസ പരിശീലന വര്‍ഷം ഉദ്ഘാടനം ചെയ്തു
കൊച്ചി: കുട്ടികളുടെ വിശ്വാസ പരിശീലനത്തില്‍ അധ്യാപകര്‍ക്കെന്നപോലെ മാതാപിതാക്കള്‍ക്ക് സവിശേഷമായ ഉത്തരവാദിത്വമുള്ള കാലഘട്ടമാണിതെന്ന് എറണാകുളം - അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ച്ബിഷപ്പ് മാര്‍ ആന്‍റണി കരിയില്‍ ഓര്‍മ്മിപ്പിച്ചു. അതിരൂപത വിശ്വാസ പരിശീലന വര്‍ഷത്തിന്‍റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
മാതാപിതാക്കളും മക്കളും ഒരുമിച്ചുള്ള കുടുംബപ്രാര്‍ത്ഥനയ്ക്ക് കുട്ടികളുടെ വിശ്വാസ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പാ വിശുദ്ധ യൗസേപ്പിതാവിന്‍റെ വര്‍ഷം പ്രഖ്യാപിച്ചിരുന്ന പശ്ചാത്തലത്തില്‍ വിശുദ്ധന്‍റെ മാര്‍ഗത്തിലൂടെ ക്രിസ്തീയ കുടുംബങ്ങളെ രക്ഷയുടെ പാതയിലൂടെ നയിക്കാന്‍ നമുക്കു സാധിക്കണമെന്നും ആര്‍ച്ച്ബിഷപ്പ് ആഹ്വാനം ചെയ്തു.
'ക്രിസ്തീയകുടുംബം രക്ഷയുടെ പാതയില്‍' എന്നതാണ് അതിരൂപതയിലെ 2021-22 വിശ്വാസപരിശീലന വര്‍ഷത്തിന്‍റെ മുഖ്യപ്രമേയം. ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും മാര്‍ഗരേഖകളും ഉള്‍ക്കൊള്ളുന്ന വചനദീപം ബുള്ളറ്റിന്‍ അതിരൂപത വികാരി ജനറാള്‍ റവ.ഡോ. ജോസ് പുതിയേടത്തിനു നല്കി ആര്‍ച്ച്ബിഷപ്പ് പ്രകാശനം ചെയ്തു.
അതിരൂപത വിശ്വാസ പരിശീലനകേന്ദ്രം ഡയറക്ടര്‍ റവ.ഡോ. പീറ്റര്‍ കണ്ണമ്പുഴ, അസി. ഡയറക്ടര്‍ ഫാ. ഡിബിന്‍ മീമ്പന്താനത്ത് എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അധ്യാപകര്‍ക്കായി ഫാ. ബോബി ജോസ് കട്ടിക്കാട് ഓണ്‍ലൈന്‍ ഓറിയന്‍റേഷന്‍ ടോക്ക് നടത്തി.
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് ഈ വര്‍ഷവും വിശ്വാസ പരിശീലന ക്ലാസുകള്‍ ആരംഭിക്കുന്നത്. അടുത്ത ഞായറാഴ്ച ആരംഭിക്കുന്ന ക്ലാസുകള്‍ കാറ്റെക്കിസം ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ യുട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യും. ഇതിനായുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കിയതായി ഡയറക്ടര്‍ ഫാ. പീറ്റര്‍ കണ്ണമ്പുഴ അറിയിച്ചു.